മൈസൂരു: ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊന്ന മകന്‍ അറസ്റ്റില്‍. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പയെ (60) കൊലപ്പെടുത്തിയ മകന്‍ പാണ്ഡുവിനെ (27) കര്‍ണാടക പോലീസ് ശനിയാഴ്ച അറസ്റ്റുചെയ്തു.
അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 26-ന് അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിച്ചു.
പോലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മൃതദേഹം ആശുപത്രിയിലേക്കുമാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പുറകില്‍നിന്ന് തലയ്‌ക്കേറ്റ അടിയാണ് മരണകാരണം. തുടര്‍ന്നുള്ള പോലീസിന്റെ ചോദ്യംചെയ്യലില്‍ പാണ്ഡു കുറ്റം സമ്മതിച്ചു. ഡിസംബര്‍ 25-ന് അണ്ണപ്പയെ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛന്റെ പേരില്‍ 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. അപകടമരണം സംഭവിച്ചാല്‍ ഇരട്ടി നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു.