ഇടുക്കി: മഞ്ഞും തണുപ്പും ആസ്വദിച്ച് മനോഹര കാഴ്ചകള്‍ കാണാന്‍ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ക്രിസ്മസ്പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു മൂന്നാര്‍, വാഗമണ്‍, തേക്കടി തുടങ്ങി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം തിരക്ക് വര്‍ധിച്ചു. ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്തതോടെ, കഴിഞ്ഞ ശനിയാഴ്ച മുതലാണ് തിരക്കേറിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. മൂന്നാര്‍, വാഗമണ്‍ എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലെല്ലാം കഴിഞ്ഞദിവസങ്ങളില്‍ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ലോഡ്ജുകള്‍ എന്നിവ നേരത്തേതന്നെ ഒരുങ്ങിയിരുന്നു.വാഗമണ്ണില്‍ മൊട്ടക്കുന്നുകളും അഡ്വഞ്ചര്‍ പാര്‍ക്കുമാണ് പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.
ഗ്ലാസ് ബ്രിജ് കൂടി വന്നതോടെ തിരക്ക് മുന്‍പത്തെക്കാള്‍ വലിയതോതില്‍ കൂടിയിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പുതന്നെ ഇവിടെ മുറികളുടെ ബുക്കിങ് ആരംഭിച്ചിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. ക്രിസ്മസ്-പുതുവത്സര സീസണിലെ സഞ്ചാരികള്‍ക്കായി തേക്കടിയും സജ്ജം. ഒട്ടുമിക്ക റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും മുറികള്‍ ബുക്കിങ് പൂര്‍ത്തീകരിച്ചു. ചുരുക്കം ചില സ്ഥാപനങ്ങളില്‍ മാത്രമാണ് ഇനി മുറികള്‍ ലഭ്യമായിട്ടുള്ളത്. എല്ലാ റിസോര്‍ട്ടുകളിലും അതിഥികള്‍ക്കായി പുതുവത്സര ആഘോഷങ്ങള്‍ ഉണ്ടാകും.
അതേസമയം, മൂന്നാറില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും താപനില പൂജ്യത്തില്‍ തുടരുന്നു. തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ വന്‍ തിരക്കാണ് കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറില്‍ അനുഭവപ്പെടുന്നത്. കുണ്ടള, മാട്ടുപ്പെട്ടി, തെന്മല, ചിറ്റുവര, കന്നിമല തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ മൂന്നു ദിവസവും താപനില പൂജ്യത്തില്‍ തുടരുന്നത്. ചെണ്ടുവരയില്‍ കഴിഞ്ഞദിവസം താപനില മൈനസിലെത്തിയിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന തണുപ്പാണ് നിലവിലുള്ളത്. മഞ്ഞു വീണു കിടക്കുന്ന കന്നിമല, ചൊക്കനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പുലര്‍ച്ചെ സഞ്ചാരികളെത്തി തണുപ്പ് ആസ്വദിക്കുന്നത് പതിവ് കാഴ്ചയാണ്. രാജമലയില്‍ 20 മുതല്‍ എല്ലാ ദിവസവും പരമാവധി സന്ദര്‍ശകര്‍ (2880) പ്രവേശിക്കുന്നുണ്ട്. മാട്ടുപ്പെട്ടിയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 4000 പേരും ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ 6300 പേരും സന്ദര്‍ശനം നടത്തി. അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം വീണ്ടും വര്‍ധിക്കുമെന്നാണ് കരുതുന്നത്.