സ്ഥലംമാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും. രാജ്‌ഭവൻ ജീവനക്കാർ ഗവർണർക്ക് നല്‍കാനിരുന്ന യാത്രയയപ്പ് യോഗം റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെതുടര്‍ന്ന് ദേശീയ ദുഖാചരണം നടക്കുന്ന പശ്ചാത്തലത്തിലാണിത്.
പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. അദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞ 2 ന് രാജ്ഭവനില്‍ നടക്കുമെന്നാണ് കരുതുന്നത്.
ആർഎസ്എസിൽ നിന്ന് ബിജെപിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗവർണറായത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അർലേക്കറായിരുന്നു ഗവർണർ. ഹിമാചലിൽ സ്കൂളുകളും കോളജുകളും തൊഴിലാളികളുടെ താമസസ്ഥലവും ഒക്കെ നിരന്തരം സന്ദർശിച്ച് രാജ്ഭവന് പുറത്തേക്കിറങ്ങിയ വ്യക്തിയാണ് അർലേക്കർ. രാജ്ഭവൻ്റെ വാതിലുകളും നിരന്തരം സന്ദർശനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു.
ഒരു കൊല്ലത്തിനു ശേഷം ബീഹാറിലേക്ക് ഗവർണറായി അദ്ദേഹം മാറി. നിതീഷ്, ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായപ്പോൾ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ നിയന്ത്രണത്തെ ചൊല്ലി സംസ്ഥാനവുമായി തെറ്റി. മുഖ്യമന്ത്രി കൂടി പങ്കെടുത്ത ചടങ്ങിൽ സർക്കാരിനെതിരെ അർലേക്കർ ആഞ്ഞടിച്ചു. പിന്നീട് നിതീഷ് കുമാർ, ഗവർണറെ കണ്ട് വിഷയം പരിഹരിക്കുകയായിരുന്നു. കേരളത്തിൽ തെരഞ്ഞെടുപ്പിന് ഒരു കൊല്ലം മാത്രം ബാക്കിയിരിക്കെ പുതിയ ഗവർണ്ണറും നിരന്തരം വാർത്തകൾ സൃഷ്ടിക്കാനാണ് സാധ്യത.
ആരിഫ് മുഹമ്മദ് ഖാന്‍ ശനിയാഴ്ച ഉച്ചക്ക് 12 ന് വിമാനത്തിൽ കൊച്ചിയിലേക്കും പിന്നീട് 3:20 ന് ദില്ലിയിലേക്കും യാത്ര ചെയ്യും. ഡിസംബര്‍ 30 ഉച്ചക്ക് അദ്ദേഹം ദില്ലിയില്‍നിന്ന് പട്‌നയിലേക്കു പോകും.
ബീഹാര്‍ ഗവര്‍ണറായി ചുമതല വഹിക്കാന്‍ പോകുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലും പട്ടം ബിഷപ്പ് ഹൗസിലും എത്തിയിരുന്നു.
ആശ്രമത്തിലെത്തിയ ഗവര്‍ണര്‍, ശ്രീരാമൃഷ്ണ പരമഹംസരുടേയും സ്വാമി വിവേകാനന്ദന്റെയും ശാരദാ ദേവിയുടെയും ചിത്രങ്ങള്‍ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.94 വയസ്സായ ഗോലോകാനന്ദ സ്വാമിയുടെ അടുത്തെത്തി കരം പിടിച്ച് അനുഗ്രഹം തേടി.
പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ എത്തി സീറോ മലങ്കര കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് തിരുമേനിയേയും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. കര്‍ദ്ദിനാള്‍ ഗവര്‍ണര്‍ക്ക് കുരിശുരൂപം സമ്മാനമായി നൽകി.
ജസ്റ്റീസ് പി സദാശിവം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ കേരള സര്‍ക്കാര്‍ പ്രത്യേക യാത്രയയപ്പ് നല്‍കിയിരുന്നു. ആരീഫ് മുഹമ്മദ് ഖാന്റെ കാര്യത്തില്‍ അത് ഉണ്ടാകില്ലന്ന് ഉറപ്പായിരുന്നു.