Fiction

വിമര്‍ശനങ്ങളിൽ തകരരുത്, പക്വതയോടും ക്രിയാത്മകമായും നേരിടുക

 

വെളിച്ചം

Signature-ad

സൂര്യനാരായണൻ

സോക്രട്ടീസ് ശിഷ്യന്മാരുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു കൈനോട്ടക്കാരന്‍ അങ്ങോട്ട് കടന്നു വന്നത്.

“ഞാന്‍ മുഖം നോക്കി താങ്കളുടെ ലക്ഷണം പറയാം…”
അയാള്‍ പറഞ്ഞു. സോക്രട്ടീസ് സമ്മതിച്ചു.

“നിങ്ങള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. മാത്രമല്ല, ഒരു നിഷേധിയുമാണ്. ഈ നെറ്റിത്തടം നോക്കിയാല്‍ അറിയാം നിങ്ങളുടെ മനസ്സില്‍ പ്രതികാരമുണ്ടെന്ന്…”

അയാള്‍ പറഞ്ഞു. ഗുരുവിനെക്കുറിച്ച് മോശം പറയുന്നത് കണ്ട് ശിഷ്യര്‍ അയാളെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും സോക്രട്ടീസ് എതിര്‍ത്തു. അയാള്‍ തുടര്‍ന്നു:

“നിങ്ങളുടെ മുഖത്ത് ദുരാഗ്രഹത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. മാത്രമല്ല, നിങ്ങള്‍ക്ക് മുഖസ്തുതിയോട് താല്‍പര്യവുമുണ്ട്…”

എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ കൈനിറയെ മധുരവും നൽകി സോക്രട്ടീസ് അയാളെ പറഞ്ഞയച്ചു. ശിഷ്യന്‍ ചോദിച്ചു:

” തിരിച്ചൊന്നും പറയാതെ അങ്ങേയ്ക്കെങ്ങിനെ അയാളെ മടക്കി അയക്കാന്‍ കഴിഞ്ഞു…?”

”അയാള്‍ പറഞ്ഞതെല്ലാം ശരിയാണ്. ഇതെല്ലാം എന്റെയുള്ളിലുണ്ട്. പക്ഷേ, നിരന്തരപരിശ്രമവും പരിശീലനവും കൊണ്ട് ഞാന്‍ അവയെയെല്ലാം മറികടക്കുന്നുണ്ട്. അതയാള്‍ക്കറിയില്ല. അറിയാത്ത കാര്യത്തെ കുറിച്ച് അയാള്‍ എങ്ങിനെ പറയും.”
സോക്രട്ടീസ് പറഞ്ഞു.

തനിക്കെതിരെയുളള വിമര്‍ശനങ്ങള്‍ ഒരാള്‍ നേരിടുന്ന രീതി പരിശോധിച്ചാല്‍ അറിയാം അയാള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന്. ചിലര്‍ കൂടുതല്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കും, ചിലര്‍ കരയും, ചിലര്‍ കായികമായി നേരിടും, വേറെ ചിലര്‍ ആ ആക്ഷേപങ്ങളെ അപ്രസക്തമാക്കും വിധം ജീവിച്ചു കാണിക്കും. ആരും വിമര്‍ശനത്തിന് അതീതരല്ല, വിമര്‍ശനത്തിനും വിലയുണ്ട്. വിമര്‍ശനങ്ങളെ ക്രിയാത്മകമായും പക്വതയോടുകൂടിയും നേരടാന്‍ നമുക്കും സാധിക്കട്ടെ.

സന്തോഷഭരിതമായ ദിനം ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: