റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്ഗഡില്‍ അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്‌കനെ അടിച്ചുകൊന്നു. ദുമാര്‍പള്ളി ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമം ഉണ്ടായത്. 50 വയസുകാരനായ പഞ്ച്‌റാം സാര്‍ത്തി എന്ന ബുട്ടുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീരേന്ദ്ര സിദാര്‍, അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 103 (1) പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചുമത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും, ഭാരതീയ ന്യായ സന്‍ഹിത (ബിഎന്‍എസ്) പ്രകാരം ഇത് സാധ്യമല്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.
വീരേന്ദ്ര സിദാറിന്റെ വീട്ടില്‍നിന്ന് ബുട്ടു ഒരു ചാക്ക് അരി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. അര്‍ധരാത്രി ശബ്ദം കേട്ട് എഴുന്നേറ്റ സിദാര്‍, അരി മോഷ്ടിക്കാന്‍ ശ്രമിക്കുന്ന ബുട്ടുവിനെ കാണുകയായിരുന്നു. പ്രകോപിതനായ സിദാര്‍ അയല്‍വാസികളായ അജയ്, അശോക് എന്നിവരെ വിളിച്ചു. തുടര്‍ന്ന് മൂന്ന് പേരും ചേര്‍ന്ന് ബുട്ടുവിനെ മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.
രാവിലെയാണ് മര്‍ദനം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. രാവിലെ 6 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം സാര്‍ത്തിയെ അബോധാവസ്ഥയില്‍ മരത്തില്‍ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. സാര്‍ത്തിയെ മുളവടികള്‍ കൊണ്ട് മര്‍ദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.