തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റെഡ് വൊളന്റിയര്‍ പരേഡ് നയിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. വിഴിഞ്ഞം തിയറ്റര്‍ ജംക്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിനാണ് ആര്യ റെഡ് വൊളന്റിയര്‍ യൂണിഫോം അണിഞ്ഞ് നേതൃത്വം നല്‍കിയത്. മാര്‍ച്ച് കഴിഞ്ഞ് വേദിക്കു മുന്നിലെത്തിയ ആര്യയെ മന്ത്രി വി.ശിവന്‍കുട്ടി അഭിനന്ദിക്കാനായി വേദിയിലേക്കു വിളിച്ചു.
വേദിയിലെത്തിയ ആര്യ ശിവന്‍കുട്ടിക്കും ഒപ്പമുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയകുമാര്‍, എ.എ.റഹിം എന്നിവര്‍ക്കും സല്യൂട്ട് നല്‍കിയപ്പോള്‍ അവര്‍ തിരിച്ചും സല്യൂട്ട് ചെയ്തു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ആര്യ വേദി പങ്കിട്ടതും റെഡ് വൊളന്റിയര്‍ വേഷത്തില്‍ തന്നെ.
ബാലസംഘം നേതാവായിരിക്കെയാണ് 21 ാം വയസ്സില്‍ രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ തിരഞ്ഞെടുക്കപ്പെട്ടത് . നഗരസഭയും മേയറുമായും ബന്ധപ്പെട്ട വിവാദങ്ങളില്‍ ജില്ലാ സമ്മേളനത്തിലടക്കം വിമര്‍ശനങ്ങള്‍ ഏറെ ഉയര്‍ന്നെങ്കിലും ജില്ലാ കമ്മിറ്റിയിലേക്കും ആര്യ ഉയര്‍ത്തപ്പെട്ടു. ജില്ലാ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ആര്യ.