കാസര്‍കോട്: പൊലീസിന് മണല്‍ക്കടത്ത് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് യുവാവിന്റെ തലയറുത്ത് ഫുഡ്‌ബോളാക്കി തട്ടിക്കളിച്ച കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ 6 പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. അബ്ദുല്‍ സലാം എന്ന 26കാരന്റെ തലയറുത്ത കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. പ്രിയയാണ് വിധി പറഞ്ഞത്.
സലാമിന്റെ തലയറുത്ത് പ്രതികള്‍ ഫുഡ്‌ബോള്‍ പോലെ തട്ടിക്കളിച്ചെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോയിപ്പാടി ബദരിയ നഗര്‍ സൂഫിയന്‍ മന്‍സിലിലെ അബൂബക്കര്‍ സിദ്ദീഖ് (മാങ്ങമുടി സിദ്ദീഖ്-39), പേരാല്‍ സിറാജ് ക്വാര്‍ട്ടേഴ്സിലെ കെ.എസ്.ഉമ്മര്‍ ഫാറൂഖ്(29), പെര്‍വാട് പെട്രോള്‍ പമ്പിനടുത്തു വാടകവീട്ടില്‍ താമസിക്കുന്ന എ.ഷഹീര്‍(32), ആരിക്കാടി നിയാസ് മന്‍സിലില്‍ നിയാസ്(31), ആരിക്കാടി മളി ഹൗ സില്‍ ഹരീഷ്(29), കോയിപ്പാടി ബദ്രിയ നഗര്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് (36) എന്നിവരാണ് കേസിലെ പ്രതികള്‍.
അബ്ദുല്‍ സലാമിന്റെ കൂടെയുണ്ടായിരുന്ന നൗഷാദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 10 വര്‍ഷം 3 മാസം തടവും ശിക്ഷ വിധിച്ചു. 6 ലക്ഷം രൂപ അബ്ദുല്‍ സലാമിന്റെ കുടുംബത്തിനും 2 ലക്ഷം രൂപ നൗഷാദിനും നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 2 വര്‍ഷം കൂടി തടവ് അനുഭവിക്കണം. കേസില്‍ രണ്ടുപേരെ കോടതി വെറുതെ വിട്ടയച്ചിരുന്നു.
2017 ഏപ്രില്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണല്‍ക്കടത്ത് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് സലാമും പ്രതികളിലൊരാളായ സിദ്ദിഖും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ സലാമിനെയും സുഹൃത്ത് നൗഷാദിനെയും മൂന്നാംപ്രതി ഷഹീര്‍ മാളിയങ്കര കോട്ടയ്ക്കു സമീപത്തേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. മൃതദേഹത്തില്‍ നിന്ന് 25മീറ്റര്‍ മാറിയാണ് തല കണ്ടെത്തിയത്.