പാലക്കാട്: സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറസ്റ്റില്‍. പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ മൂന്നുപേരാണ് അറസ്റ്റിലായത്. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ. അനില്‍കുമാര്‍ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന് എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ അസഭ്യം പറഞ്ഞു, അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ്.
അറസ്റ്റിലായ കെ. അനില്‍കുമാര്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. വി. സുശാസനന്‍ ബജരംഗദള്‍ ജില്ലാ സംയോജകും കെ. വേലായുധന് വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്.