യഥാര്‍ത്ഥ രാഞ്ജി, മറക്കാനാകില്ല; നയന്‍താരയ്‌ക്കൊപ്പം പേളി, വേര്‍തിരിവ് കാണിച്ചെന്ന കുറ്റപ്പെടുത്തലിന് പിന്നാലെ…
സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങള്‍ പേളി മാണിക്കുണ്ട്. പലരെയും തന്റെ ഷോയിലേക്ക് കൊണ്ട് വരാനും പേളിക്ക് സാധിച്ചു. സോഷ്യല്‍ മീഡിയ പേഴ്‌സണാലിറ്റി എന്ന നിലയില്‍ ഇന്ന് സിനിമാ താരങ്ങളെ പോലെതന്നെ പ്രശസ്തിയും ജനസ്വീകാര്യതയും പേളിക്കുണ്ട്. ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് പേളി എന്നാണ് ആരാധകര്‍ പറയുന്നത്. പേളിയുമായി അടുക്കാത്ത താരങ്ങള്‍ കുറവാണ്. ഏതൊരാളുമായും പെട്ടെന്ന് ഇടപഴകാന്‍ പേളി മാണിക്ക് കഴിയുന്നു.
മലയാളത്തിലെ താരങ്ങള്‍ക്ക് പുറമെ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തുടങ്ങിയ അന്യ ഭാഷാ സൂപ്പര്‍താരങ്ങളെയും അഭിമുഖങ്ങളില്‍ അനായാസം കൈയിലെടുക്കാന്‍ പേളിക്ക് കഴിഞ്ഞു. ഇപ്പോഴിതാ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമായി കുറച്ച് സമയം ചെലവഴിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പേളി മാണി. ഇന്നലെ അവരെ കണ്ടു. ഞാന്‍ ആരാധിക്കുന്നയാള്‍. അവര്‍ എന്റെ കുഞ്ഞുങ്ങളെ എടുത്തത് സ്വപ്നം പോലെ തോന്നി.
ചില നിമിഷങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ സ്‌നേഹത്താല്‍ നിറയ്ക്കുന്നു. നയന്‍താര വളരെ കരുതലോടെയും വാത്സല്യത്തോടെയും എന്റെ കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിച്ചത് ഞാന്‍ എന്നെന്നും വിലമതിക്കുന്ന ഓര്‍മയാണ്. യഥാര്‍ത്ഥ രാഞ്ജിയും ശക്തിയുടെ പ്രതീകവുമാണെങ്കിലും വളരെ ഊഷ്മളതയും സ്‌നേഹവുമുള്ളയാളാണ്. അത് ശരിക്കും പ്രചോദനമാണ്.
മനോഹരമായ ഈ ആത്മാവിനോടും പോകുന്നിടത്തെല്ലാം കൊണ്ട് വരുന്ന സ്‌നേഹത്തോടും നന്ദി പറയുന്നു. ഞങ്ങളുടെ ഈ നിമിഷം പ്രത്യേകതയുള്ളതാക്കിയതിലും നയന്‍താരയോട് നന്ദി പറയുന്നെന്നും പേളി മാണിയുടെ കുറിപ്പില്‍ പറയുന്നു. നേരത്തെ സൈമ അവാര്‍ഡ് നിശയിലും പേളി മാണി നയന്‍താരയോട് സംസാരിച്ചിരുന്നു.
നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തിയത്. നയന്‍താരയുടെ അഭിമുഖം ചെയ്യുന്നുണ്ടോ എന്നാണ് പലരുടെയും ചോദ്യം. താരം പേളിയുടെ ഷോയിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും കമന്റുകള്‍ വന്നു. എന്നാല്‍ സൗഹൃദ സംഭാഷണം നടന്നെങ്കിലും നയന്‍താരയെ അഭിമുഖത്തിന് ലഭിക്കുക എളുപ്പമല്ല. പൊതുവെ അഭിമുഖങ്ങള്‍ക്ക് മുഖം നല്‍കാത്ത ആളാണ് നയന്‍താര.
ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ ദിവസം അഭിമുഖം നല്‍കിയത് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ എന്ന മാധ്യമത്തിനാണ്. മലയാളത്തിലെ ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നയന്‍താര നല്‍കാന്‍ സാധ്യത കുറവാണ്. ധനുഷുമായുണ്ടായ പ്രശ്‌നം കാരണം വിശദീകരണം നല്‍കേണ്ട ഘട്ടം വന്നപ്പോഴാണ് നയന്‍താര കഴിഞ്ഞ ദിവസം ഹോളിവുഡ് റിപ്പോര്‍ട്ടറിന് അഭിമുഖം നല്‍കിയത്.
താരത്തിനെതിരെ കടുത്ത സൈബറാക്രമണം നടക്കുമ്പോഴാണ് പേളി മാണി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ പേളിക്ക് നേരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വന്നു. നടി മറീന മൈക്കിള്‍ പേളിക്കെതിരെ ഉന്നയിച്ച ആരോപണമായിരുന്നു ഇതിന് കാരണം. താനാണ് ഗസ്റ്റ് ആയി വരുന്നതെന്നറിഞ്ഞ പേളി ഒരു ഷോ ആങ്കര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നായിരുന്നു ആരോപണം. പിന്നാലെ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് നേരെ വ്യാപക വിമര്‍ശനം വന്നു.
നയന്‍താരയെ പോലുള്ള വലിയ താരങ്ങളോടുള്ള പേളിയുടെ പെരുമാറ്റവും ചെറിയ അഭിനേതാക്കളോടുള്ള മനോഭാവവും വ്യത്യസ്തമാണെന്ന് ചിലര്‍ കുറ്റപ്പെടുത്തുകയുണ്ടായി. അതേസമയം വിവാ?ദത്തിനിടെ പേളി വിഷയത്തില്‍ വിശദീകരണം നല്‍കി. ചാനലുമായി പ്രതിഫലത്തിന്റെ പ്രശ്‌നമുള്ളതിനാലാണ് താന്‍ ഷോ വിട്ടതെന്നും മറീന തെറ്റിദ്ധരിച്ചതാണെന്നും പേളി വ്യക്തമാക്കി.