തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം അധ്യാപകരിലേക്കും . എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിശദാംശങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. യുട്യൂബ് ചാനലില്‍ ക്ലാസുകള്‍ എടുക്കുകയും ക്ലാസുകള്‍ തയ്യാറാക്കാനായി സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ കുറിച്ചാണ് അന്വേഷണം.
എംഎസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നല്‍കിയ സ്‌കൂള്‍ അധ്യാപകരുടെ മൊഴിയെടുത്തു . കോഴിക്കോട് ചക്കാലക്കല്‍ ഹയര്‍സെക്കന്‍ര്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത് ഇവരില്‍ നിന്ന് തെളിവുകളും ശേഖരിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അധ്യാപകര്‍ക്കോ വിദ്യാഭ്യാസ വകുപ്പിലെ മറ്റു ജീവനക്കാര്‍ക്കോ പങ്കുള്ളതായി അറിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചതിന് ശേഷം ആരോപണ വിധേയരായ എംഎസ് സൊലുഷ്യന്‍സ് ഉടമയില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുക്കും. നടപടി ആവശ്യപ്പെട്ട് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച പരാതിയില്‍ അവര്‍ കണ്ടെത്തിയ കാര്യങ്ങളും നിഗമനങ്ങളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്. മുന്‍ കാലങ്ങളിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പട്ട രേഖകളും ശേഖരിച്ചു. കോഴിക്കോട് DDE താമരശ്ശേരി ഡിഇഒ , കൊടുവള്ളി AEO എന്നിവരില്‍ നിന്നാണ് വിവരങ്ങള്‍ എടുത്തത് .
കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സ് അടക്കം ചോദ്യങ്ങള്‍ പ്രവചിച്ച മുഴുവന്‍ യൂട്യൂബ ചാനലുകള്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഡിഡിഇ മനോജ് കുമാര്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. എംഎസ് സൊല്യൂഷന്‍ യു ട്യൂബ് ചാനലിലെ വിഡിയോകളും സംഘം പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം എംഎസ് സൊലുഷ്യന്‍സ് ഉടമയുടെയും ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകരുടെയും മൊഴിയെടുക്കും.