മുംബയ്: ബോട്ട് അപകടത്തില്‍ മലയാളി ദമ്പതികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന മലയാളിയായ ആറ് വയസുകാരന്‍ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബം അപകടത്തില്‍പ്പെട്ടന്ന വിവരം പുറത്തറിഞ്ഞത്.
യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഉറാനിലെ ജെഎന്‍പിടി ആശുപത്രിയിലാണ് നിലവില്‍ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളില്‍ കുട്ടിയുടെ രക്ഷിതാക്കളുണ്ടോയെന്ന് പരിശോധിക്കുകയാണ്. യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചാണ് ഇന്നലെ അപകടം ഉണ്ടായത്.
ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ നീല്‍കമല്‍ എന്ന യാത്രാ ബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
110 പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. നാവികസേനയുടെ സ്പീഡ് ബോട്ടിന്റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. സ്പീഡ് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനേത്തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് നാവികസേനയുടെ വിശദീകരണം. ഇനിയും കാണാതായവരുണ്ടെന്ന സംശയം ബലപ്പെടുന്ന വിവരങ്ങളാണ് ചികിത്സയില്‍ കഴിയുന്നവരില്‍ നിന്നും ലഭിക്കുന്നത്.