NEWSSports

സമനിലയ്ക്കു പിന്നാലെ ഞെട്ടിച്ച് രവിചന്ദ്രന്‍ അശ്വിന്‍; രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിനു പിന്നാലെ, ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി അശ്വിന്‍ പ്രഖ്യാപിച്ചു. എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. ഇന്ന് സമാപിച്ച ടെസ്റ്റില്‍ അശ്വിന്‍ കളിച്ചിരുന്നില്ല. ഇത്തവണത്തെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍, അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മാത്രമാണ് താരം കളിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡുമായാണ് അശ്വിന്റെ പടിയിറക്കം. 106 ടെസ്റ്റുകളില്‍നിന്ന് 537 വിക്കറ്റുകളും 3503 റണ്‍സുമാണ് അശ്വിന്‍ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിന് തിരശീലയിടുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഏഴാമനാണ് അശ്വിന്‍. ഇന്ത്യന്‍ താരങ്ങളില്‍ 132 ടെസ്റ്റുകളില്‍നിന്ന് 619 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെ മാത്രമാണ് അശ്വിനു മുന്നിലുള്ളത്.

Signature-ad

ഏകദിനത്തില്‍ 116 മത്സരങ്ങളും ട്വന്റി20യില്‍ 65 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ച താരമാണ് അശ്വിന്‍. ഏകദിനത്തില്‍ 156 വിക്കറ്റുകളും ട്വന്റി20യില്‍ 72 വിക്കറ്റുകളും നേടി. ഏകദിനത്തില്‍ 63 ഇന്നിങ്‌സുകളില്‍നിന്ന് 16.44 ശരാശരിയില്‍ 707 റണ്‍സാണ് അശ്വിന്റെ സമ്പാദ്യം. 65 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ട്വന്റി20യില്‍ 19 ഇന്നിങ്‌സുകളില്‍നിന്ന് 26.29 ശരാശരിയില്‍ 184 റണ്‍സും നേടി. ഉയര്‍ന്ന സ്‌കോര്‍ 31.

ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിന്‍, ഇക്കാര്യത്തില്‍ ഇതിഹാസ താരം ഷെയ്ന്‍ വോണിനൊപ്പം രണ്ടാം സ്ഥാനത്താണ്. 67 അഞ്ച് വിക്കറ്റ് നേട്ടം സ്വന്തം പേരിലുള്ള ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇടംകയ്യന്‍മാരെ പുറത്താക്കിയ ബോളറെന്ന റെക്കോര്‍ഡ് അശ്വിന്റെ പേരിലാണ്. 268 തവണയാണ് ഇടംകയ്യന്‍ ബാറ്റര്‍മാര്‍ അശ്വിനു മുന്നില്‍ വീണത്.

ഓഫ് സ്പിന്നര്‍ എന്നതിലുപരി, ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളില്‍ കാത്തുസംരക്ഷിച്ച മികച്ചൊരു ബാറ്റര്‍ കൂടിയാണ് അശ്വിന്‍. ടെസ്റ്റില്‍ ആറു സെഞ്ചറികളും 14 അര്‍ധസെഞ്ചറികളും സഹിതം 3503 റണ്‍സാണ് അശ്വിന്റെ സമ്പാദ്യം. ഒരേ ടെസ്റ്റില്‍ കൂടുതല്‍ സെഞ്ചറികളും അഞ്ച് വിക്കറ്റും നേടിയ താരങ്ങളില്‍ രണ്ടാമനാണ് അശ്വിന്‍. നാലു തവണ ഈ നേട്ടം കൈവരിച്ച അശ്വിനു മുന്നിലുള്ളത് 5 തവണ ഇതേ നേട്ടം സ്വന്തമാക്കിയ ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ ഇയാന്‍ ബോതം മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: