ലണ്ടന്‍: രാത്രിയില്‍ പുറത്തിറങ്ങിയ 37കാരി ക്ഷീണം തോന്നിയതിന് പിന്നാലെ പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ മയങ്ങി വീഴുകയായിരുന്നു. യുവതിക്ക് ബോധമില്ലെന്ന് വ്യക്തമായ ശേഷമുള്ള യുവാവിന്റെ ക്രൂരത സിസിടിവിയില്‍ വ്യക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്
ബ്രിട്ടന്: നടക്കാനിറങ്ങിയതിനെ ക്ഷീണം തോന്നി പാര്‍ക്കിലെ ബെഞ്ചിലിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ മരിക്കുന്നത് വരെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ബ്രിട്ടനിലെ ഓള്‍ഡ് ബെയ്ലി കോടതിയാണ് എന്‍എച്ച്എസ് ജീവനക്കാരിയുടെ ക്രൂരമായ കൊലപാതകത്തില്‍ ബ്രിട്ടീഷ് പൌരനായ മൊഹമ്മദ് നൂറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2021 ജൂലൈ 17നാണ് നഥാലി ഷോട്ടര്‍ എന്ന ആരോഗ്യ പ്രവര്‍ത്തക അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. വെസ്റ്റ് ലണ്ടനിലെ സൌത്ത്ഹാള്‍ പാര്‍ക്കിലെ ബെഞ്ചിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ക്രൂരതയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനത്തോടെയാണ് കോടതി വിധി.
ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ ചലനം നിലയ്ക്കും വരെ മൊഹമ്മദ് നൂര്‍ ലിഡോ എന്ന യുവാവ് ബലാത്സംഗം ചെയ്തതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന ഇയാളുടെ വാദം കോടതി തള്ളിയിരുന്നു. ബലാത്സംഗത്തിനിടയിലെ ഹൃദയാഘാതം മൂലമാണ് 37കാരിയായ നഥാലി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കിയത്.
2022ല്‍ കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ പോലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഇയാള്‍ ഓണ്‍ലൈനില്‍ അശ്ലീല സംസാരം നടത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പാര്‍ക്കില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത്. പാര്‍ക്കിലെ ബെഞ്ചില്‍ അവശനിലയില്‍ യുവതി ഇരിക്കുന്നത് കണ്ടതിന് പിന്നാലെ മൂന്നിലേറെ തവണ യുവാവ് സമീപത്തെത്തി നിരീക്ഷിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് നടക്കാനിറങ്ങിയ ശേഷമായിരുന്നു 37കാരി പാര്‍ക്കില്‍ എത്തിയത്.
ക്ഷീണം തോന്നിയ യുവതി പാര്‍ക്കില്‍ ഇരുന്ന 37കാരി അബോധാവസ്ഥയില്‍ ആണെന്ന് തിരിച്ചറിഞ്ഞ ശേഷമായിരുന്നു പീഡനമെന്നാണ് പൊലീസ് കോടതിയില്‍ വിശദമാക്കിയത്. അക്രമത്തിന് ശേഷം സമീപത്തെ കടയില്‍ നിന്ന് സാധനങ്ങളും വാങ്ങി സാധാരണ രീതിയിലാണ് ഇയാള്‍ വീട്ടിലേക്ക് മടങ്ങിയത്. പാര്‍ക്കിലെത്തിയ മറ്റ് ആള്‍ക്കാരാണ് യുവതിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയതും വിവരം പൊലീസിനെ അറിയിക്കുന്നതും.