കൊച്ചി: ക്യാംപസ് രാഷ്ട്രീയത്തില്‍ പൊലീസിന് അമിതാധികാരം നല്‍കി ഹൈക്കോടതി പരാമര്‍ശം. കോളജിലെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ പൊലീസിന് ഇടപെടാം. ഇതിന് കോളജ് പ്രിന്‍സിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും ക്യാംപസുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് വേണ്ടതെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് വ്യക്തമാക്കി.
ക്യാംപസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. മതത്തിന്റെ പേരിലുണ്ടാകുന്ന അനിഷ്ട സംഭവങ്ങളില്‍ മതം നിരോധിക്കാനാകില്ല. അതുപോലെ അക്രമ സംഭവങ്ങളുടെ പേരില്‍ ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാരമാര്‍ഗമല്ലെന്ന് കോടതി വിലയിരുത്തി.
വേണ്ടത് ക്രമസമാധാനം നിലനിര്‍ത്തുക എന്നതാണ്. ഇതിനായി പൊലീസിന്റെ ഇടപെടലുകളാണ് ആവശ്യം. കോളജില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രിന്‍സപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കാതെ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകള്‍ ഇല്ലാതാകണമെന്നും കോടതി വിലയിരുത്തി. പൊതുതാല്‍പര്യ ഹരജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.