എറണാകുളം: വടക്കന്‍ പറവൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന് മുറ്റത്ത് കിടന്ന കാറിന്റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് അടിച്ചു തകര്‍ത്തുവെന്ന് പരാതി. ആക്രമണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ ഹനീഷിനും ഭാര്യ വീണയ്ക്കും പരിക്കേറ്റു. അബ്കാരി കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയതിലുള്ള വൈരാഗ്യത്തിലാണ് ഹനീഷിന്റെ വീടിനു നേരെ ആക്രമണം നടത്തിയതെന്നാണ് പരാതി. സംഭവസമയം ഹനീഫിന്റെ അമ്മയും ഭാര്യയും കുഞ്ഞും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഹനീഷിന്റെ അയല്‍ക്കാരനായ രാകേഷിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് രാകേഷ് വീട്ടിലേക്ക് അതിക്രമിച്ചു കടക്കുന്നതെന്നാണ് ഹനീഷ് പറയുന്നത്. മുറ്റത്ത് കിടന്ന കാര്‍ കല്ലുകൊണ്ടടിച്ച് പൊളിക്കുന്നത് കണ്ടാണ് ഭാര്യ വരുന്നത്. ഇത് ചോദ്യം ചെയ്ത ഭാര്യയ്ക്ക് നേരെ ഇയാള്‍ കല്ലെറിഞ്ഞു. കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പരാതി കൊടുത്തെങ്കിലും രാത്രി 11 മണിക്കും ഒരു മണിക്കും രണ്ടു മണിക്കുമൊക്കെ ഇതേ സംഭവം തന്നെ ആവര്‍ത്തിച്ചു.-ഹനീഷ് പറയുന്നു.
ലഹരി ഉപയോഗത്തിനടക്കം നിരവധി കേസുകളില്‍ പ്രതിയാണ് രാകേഷെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കെടാമംഗലം എക്‌സൈസ് റവന്യൂ ഓഫീസറായ ഹനീഫും ആ സംഘത്തിലുണ്ടായിരുന്നു. ഈ വൈരാഗ്യത്തിലാണ് രാകേഷ് ഹനീഫിന്റെ വീട്ടില്‍ അക്രമം അഴിച്ചു വിട്ടതെന്നാണ് സൂചന. നിലവില്‍ ഇയാള്‍ പറവൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.