CrimeNEWS

കൂടെ പണിയെടുത്ത് കൂടെയുള്ളവര്‍ക്ക് പണി കൊടുക്കുന്നവരുണ്ട്; വിനീതിന്റെ അവസാന സന്ദേശം

മലപ്പുറം: ‘കൂടെ ജോലി ചെയ്യുന്നവര്‍ പണിതന്നു’ എന്നാണ്, ആത്മഹത്യ ചെയ്ത സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) കമാന്‍ഡോ വിനീതിന്റെ (36) അവസാന സന്ദേശം. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനകളും ബന്ധുവിന് അയച്ച വാട്സാപ് സന്ദേശത്തിലുണ്ട്. ആത്മഹത്യക്കുറിപ്പിലും ഇതേ കാര്യങ്ങള്‍ വ്യക്തമാക്കി.

വയനാട് കല്‍പറ്റ തെക്കുതറ സ്വദേശിയായ വിനീത് ഇന്നലെ രാത്രി എട്ടരയോടെ അരീക്കോട്ടെ എംഎസ്പി ക്യാംപില്‍വച്ച് റൈഫിള്‍ ഉപയോഗിച്ചു സ്വയം നിറയൊഴിക്കുകയായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പരിശീലനത്തിന്റെ ഭാഗമായുള്ള കായിക പരീക്ഷയില്‍ വിനീത് പരാജയപ്പെട്ടിരുന്നു. ഇതില്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായാണ് വിനീതിന്റെ ആത്മഹത്യക്കുറിപ്പിലും വാട്സാപ് സന്ദേശത്തിലും പറയുന്നത്. കൂടെ ജോലിചെയ്യുന്നവര്‍ ചതിച്ചതായും വിനീത് പറയുന്നുണ്ട്. ‘കൂടെ പണിയെടുത്ത് കൂടെയുള്ളവര്‍ക്ക് പണി കൊടുക്കുന്നവരുണ്ട്’ എന്നാണു സന്ദേശത്തില്‍ ആരോപിക്കുന്നത്.

Signature-ad

പരിശീലനത്തിന്റെ ഭാഗമായുള്ള ഓട്ടത്തിലാണു വിനീത് പരാജയപ്പെട്ടത്. ഓട്ടത്തില്‍ പരാജയപ്പെട്ടതിനാല്‍ അവധി ലഭിച്ചില്ലെന്നാണു വിവരം. ശാരീരിക പ്രശ്‌നങ്ങളുള്ളതിനാലാണ് നിശ്ചിത സമയത്ത് ഓടിയെത്താനാകാത്തതെന്നും, ട്രാക്ക് മാറിയെന്നും വിനീത് അവസാന സന്ദേശത്തില്‍ പറയുന്നു. ഓട്ടത്തിനുള്ള സമയം വര്‍ധിപ്പിക്കണമെന്നും ബന്ധുവിന് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. തന്റെ വാട്സാപ് സന്ദേശം പരിശീലന ചുമതലയുള്ള ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകരെയും കാണിക്കണമെന്നും വിനീത് ബന്ധുവിനോട് നിര്‍ദേശിച്ചു. തനിക്ക് ലഭിച്ച മെമ്മോയ്ക്ക് മറുപടിയായി സര്‍വീസില്‍ കയറിയ കാലം മുതലുള്ള കാര്യങ്ങള്‍ വിനീത് എഴുതിവച്ചിരുന്നു.

ഭാര്യ 3 മാസം ഗർഭിണി, അവധി നൽകില്ല: മലപ്പുറം അരീക്കോട് പൊലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവച്ചു മരിച്ചു

ദീര്‍ഘകാലമായി അവധി ലഭിക്കാത്തതാണു ജീവനൊടുക്കാന്‍ കാരണമെന്നു സൂചനയുണ്ട്. വിനീതിന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഇവരെ പരിചരിക്കാനായി അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീത് എന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്നാണ്. മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള എസ്ഒജിക്കു പരിശീലനം നല്‍കുന്ന കേന്ദ്രത്തിലാണു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: