എന്ത് ജാതി, എന്ത് മതം നമ്മളെല്ലാം ഒന്നുതന്നെ… ഹൈന്ദവാചാരത്തില്‍ ശവസംസ്‌കാരം നടത്തി കന്യാസ്ത്രീ
കരുണാലയത്തിലെ അന്തേവാസിയായ ഹൈന്ദവ സ്ത്രീയുടെ ശവസംസ്‌കാര ക്രിയകള്‍ നടത്തുന്ന കന്യാസ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പശ്ചാത്തലമായി മലയാള ഗാനമാണ് കേള്‍പ്പിക്കുന്നത്. എന്നാല്‍ ഇത് എവിടെ നിന്നുള്ള ദൃശ്യങ്ങളാണെന്ന് വ്യക്തമല്ല.
‘എന്ത് ജാതി ,എന്ത് മതം നമ്മളെല്ലാം ഒന്നുതന്നെ. എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതാണ് മലയാളികള്‍, ഇന്നലെ മരണമടഞ്ഞ കരുണാലയം അന്തേവാസി ശ്രീമതി ചന്ദനയുടെ മൃതശരീരം ഹൈന്ദവ വിധിപ്രകാരം ശവസംസ്‌കാര ക്രിയകള്‍ നടത്തുന്ന സിസ്റ്റര്‍ സജിത കരുണാലയം’- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കന്യാസ്ത്രീയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.’ആരോരുമില്ലത്തവരെയും ആര്‍ക്കുംവേണ്ടാത്തവരെയും മറ്റുള്ളവരാല്‍ ഉപേക്ഷിക്കപ്പെട്ടവരെയും വഴികളില്‍നിന്നും റെയില്‍വേസ്റ്റേഷനുകളില്‍നിന്നും കണ്ടെത്തി അവര്‍ക്കും അന്തസായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും, അവരും ദൈവമക്കളാണെന്നും കണ്ടുകൊണ്ട് സ്വന്തം മാതാപിതാക്കളെപ്പോലെ, അല്ലെങ്കില്‍ സഹോദരങ്ങളെപ്പോലെ ശുശ്രൂഷിച്ചു. മരണപെട്ടപ്പെട്ടപ്പോള്‍ അന്തസായ മരണന്തരശുശ്രൂഷകളും നല്‍കി, നൂറുകണക്കിന് ക്രിസ്ത്യന്‍ സന്യാസി – സന്യാസിനികള്‍ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്. ഇത് അതില്‍ ഒന്നുമാത്രം… എല്ലാവര്‍ക്കും ഹൃദയത്തില്‍നിന്നും ഒരു ബിഗ് സല്യൂട്ട്.’- എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
‘പുതിയ തലമുറയ്ക്ക് മാതൃക കാണിച്ച സിസ്റ്ററിനെ ഹൃദയത്തില്‍ നിന്ന് അഭിനന്ദിക്കുന്നു. എന്തു മതം എന്തു ജാതി. എല്ലാം മനുഷ്യര്‍. ഒത്തിരി ഇഷ്ടപെട്ടു സിസ്റ്ററുടെ കര്‍മ്മ പ്രവൃത്തികള്‍. എത്ര അഭിനന്ദിച്ചിട്ടും മതിയാവുന്നില്ല.’- എന്നാണ് മറ്റൊരാളുടെ കമന്റ്.