IndiaNEWS

രണ്ട് പിരീഡ് കണക്കുക്ലാസിലിരുന്ന പോലെ! മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ നടത്തിയ പ്രസംഗം പൊള്ളയാണെന്ന് വിമര്‍ശിച്ച് വയനാട് എം.പി: പ്രിയങ്ക ഗാന്ധി. 11 പൊള്ളയായ വാഗ്ദാനങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അഴിമതിയോട് സഹിഷ്ണുത കാണിക്കുന്നില്ലെങ്കില്‍ അദാനിയെക്കുറിച്ച് ഒരു സംവാദമെങ്കിലും നടത്തണമെന്നും പ്രിയങ്ക പറഞ്ഞു.

110 മിനിറ്റിലധികം നീണ്ട പ്രസംഗം തന്നെ ബോറടിപ്പിച്ചു. പ്രധാനമന്ത്രി പുതിയതായി ഒന്നും സംസാരിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടു പിരീഡ് കണക്കുക്ലാസിലിരുന്നതിന് സമാനമായിരുന്നു പ്രസംഗമെന്നും പ്രിയങ്ക പറഞ്ഞു.

Signature-ad

‘ജെപി നദ്ദ കൈകള്‍ തിരുമ്മിയിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നോക്കിയപ്പോള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതുപോലെ ഇരുന്നു. അമിത് ഷാ തലയില്‍ കൈവെച്ചിരിക്കുകയായിരുന്നു. പീയൂഷ് ഗോയല്‍ ഉറക്കത്തിലേക്ക് വീഴുന്ന അവസ്ഥയിലായിരുന്നു.’ പ്രിയങ്ക പരിഹസിച്ചു. തനിക്ക് ഇത് പുതിയ അനുഭവമായിരുന്നുവെന്നും പ്രധാനമന്ത്രി പുതിയ എന്തെങ്കിലും പറയുമെന്ന് കരുതിയിരുന്നതായും അവര്‍ കൂട്ടിചേര്‍ത്തു.

ലോക്‌സഭയില്‍ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന തരത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നാലെ മറുപടി പ്രസംഗത്തിലാണ് മോദി കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും കടന്നാക്രമിച്ചത്.

കോണ്‍ഗ്രസ് രാജ്യം മുഴുവന്‍ തടവറയ്ക്കുള്ളിലാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 75 വര്‍ഷത്തെ ചരിത്രത്തില്‍ 55 വര്‍ഷവും ഒരു കുടുംബം മാത്രമാണ് രാജ്യം ഭരിച്ചതെന്ന് ഗാന്ധി കുടുംബത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തെക്കുറിച്ച് രാജ്യം അറിയേണ്ടത് പ്രധാനമാണ്. ഭരണഘടനയെ നശിപ്പിക്കാനുള്ള ഒരു അവസരവും കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: