KeralaNEWS

ഒരേ ഇടവകക്കാരുടെ എട്ടു വര്‍ഷത്തെ പ്രണയം; നാളെ അനുവിന്റെ ജന്മദിനം, കളിചിരികള്‍ ഉയരേണ്ട വീട്ടിലേക്കെത്തുന്നത്…

പത്തനംതിട്ട: വാഹനാപകടത്തില്‍ മരിച്ച ദമ്പതികളായ നിഖിലും അനുവും ജീവിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. മലേഷ്യയിലെ സന്തോഷ യാത്രയ്‌ക്കൊടുവിലെത്തിയത് ദുരന്തം. മല്ലശേരി സ്വദേശികളായ ദമ്പതികളും കുടുംബവും സഞ്ചരിച്ച കാര്‍ ഇന്ന് പുലര്‍ച്ചെ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലിടിച്ചാണ് ദുരന്തമുണ്ടായത്. പുനലൂര്‍മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മുറിഞ്ഞകല്ല് ജംക്ഷനു സമീപമുള്ള ഗുരുമന്ദിരത്തിനു മുന്നിലായിരുന്നു അപകടം. നാളെ അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അനുവിന്റെ പിതാവ് ബിജു പി.ജോര്‍ജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അപകടത്തില്‍ മരിച്ചു. നവംബര്‍ 30നായിരുന്നു ഇരുവരുടെയും വിവാഹം. മലേഷ്യയില്‍ മധുവിധു കഴിഞ്ഞെത്തിയ ദമ്പതികളെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ആയിരുന്നു അപകടം. തിങ്കളാഴ്ചയാണ് ദമ്പതികള്‍ മലേഷ്യയിലേക്ക് പോയത്. നവംബര്‍ 30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നിഖില്‍ കാനഡയില്‍ ക്വാളിറ്റി ടെക്‌നീഷ്യനാണ്. അനു മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ജനുവരിയില്‍ അനുവും കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്. രണ്ടുപേരുടെയും വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഒരേ ഇടവകക്കാരുമാണ്. നാളെ അനുവിന്റെ ജന്മദിനമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Signature-ad

ബിജു ഇന്നലെ പള്ളിയിലെ കാരള്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. രാത്രി 10 മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. കാരള്‍ സംഘത്തോട് പറഞ്ഞിട്ടായിരുന്നു യാത്ര. എല്ലാവരുമായും നന്നായി സഹരിക്കുന്ന വീട്ടുകാരാണെന്ന് നാട്ടുകാര്‍ പറയുന്നു. ബിജുവാണ് വാഹനം ഓടിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി മാനേജരാണ് പട്ടാളത്തില്‍നിന്ന് വിരമിച്ച ബിജു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Back to top button
error: