അയാള്‍ എന്റെ പാവാടയുടെ ഉള്ളിലൂടെ കൈ കടത്തി; സൂപ്പര്‍സംഗീത സംവിധായകനില്‍ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി ഗായിക
സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് നടിമാരുടെ തുറന്നുപറച്ചില്‍ സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ചിരുന്നു. പ്രമുഖ നടന്‍മാര്‍ക്കും സംവിധായകര്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പൊലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ ബോളിവുഡില്‍ നിന്നുള്ള ഒരു ലൈംഗികാരോപണമാണ് വിവാദമാകുന്നത്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ രാജേഷ് റോഷന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഗായിക ലഗ്‌നജിത ചക്രബര്‍ത്തി ആരോപിച്ചത്. സൂപ്പര്‍താരം ഹൃത്വിക് റോഷന്റെ പിതൃസഹോദരനാണ് രാജേഷ് റോഷന്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ഗായികയുടെ തുറന്നുപറച്ചില്‍. ‘സ്‌ട്രെയ്റ്റ് അപ്പ് വിത്ത് ശ്രീ’ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴായിരുന്നു ലഗ്‌നജിത ഇക്കാര്യം വെളിപ്പെടുത്തിയത്. ഗായിക മുംബയില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം.
”ഒരു പരസ്യം ചെയ്യുന്നതിന്റെ ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍. പാടാന്‍ അവസരം വാഗ്ദാനം ചെയ്ത രാജേഷ് റോഷന്‍ സാന്താക്രൂസിലെ വസതിയില്‍ കാണാന്‍ ചെല്ലാന്‍ പറഞ്ഞു. വീട്ടിലെത്തിയ എന്നെ നന്നായി അദ്ദേഹം സ്വീകരിച്ചു. അദ്ദേഹത്തിന്റെ സംഗീതമുറിയില്‍ ഞങ്ങള്‍ ഇരുന്നു. അപ്പുറത്ത് ഇരുന്ന അദ്ദേഹം കുറച്ചു കഴിഞ്ഞ് എന്റെ അടുത്തേക്ക് വന്നിരുന്നു. ഞാന്‍ കുറച്ച് പരസ്യജിംഗിളുകള്‍ പാടിയിരുന്നു. എന്റെ ചില വര്‍ക്കുകള്‍ കാണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു, അത് കാണിക്കാനായി മേശപ്പുറത്ത് ഉണ്ടായിരുന്ന ഐ പാഡ് എടുത്ത് ബ്രൗസ് ചെയ്യുന്നതിനിടെയില്‍ അദ്ദേഹം എന്റെ അടുത്ത് നിന്ന് അല്പം മാറുന്നത് കണ്ടു. അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പക്ഷേ പെട്ടെന്ന് ഞാന്‍ പ്രതികരിച്ചില്ല. ഞാന്‍ പ്രതികരിക്കുന്നില്ലെന്നും പരിഭ്രമിക്കുന്നില്ലെന്നും തോന്നിയതോടെ അയാള്‍ എന്റെ പാവാടയുടെ ഉള്ളിലേക്ക് കൈ കടത്തി. ഇതോടെ ഞാന്‍ ചാടി എഴുന്നല്‍ക്കുകയും അധികമൊന്നും സംസാരിക്കാതെ പുറത്തേക്കിറങ്ങി പോകുകയും ചെയ്തു” -ലഗ്‌നജിത് പറഞ്ഞു.
അഭിനയമേഖലയില്‍ മാത്രമല്ല സംഗീതരംഗത്തും കാസ്റ്റിംഗ്കൗച്ച് നിലവിലുണ്ടെന്ന് ഗായിക പറയുന്നു. രാജേഷ് റോഷന്‍ അത്തരം ആളുകളില്‍ ഒന്ന് മാത്രമാണെന്നും മറ്റ് സെലിബ്രറ്റികളില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗായിക പറയുന്നു. ബംഗാളി സിനിമകളിലൂടെയാണ് ലഗ്‌നാജിത് ശ്രദ്ധ നേടുന്നത്. നിരവധി പരസ്യജിംഗിളുകള്‍ ശബ്ദം നല്‍കി. ചോട്ടുഷ്‌കോണ്‍ എന്ന ചിത്രത്തിലെ ബസന്തോ ഈഷെ ഗെച്ചെ എന്ന ഗാനത്തിലൂടെയാണ് ഗായിക പ്രശസ്തി നേടുന്നത്.