ഇടതുപക്ഷത്തു നിന്നും പുറത്തായ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഒടുവിൽ കോണ്‍ഗ്രസിൽ ചേരാൻ ശ്രമിക്കുന്നതായി വിശ്വസിയ കേന്ദ്രങ്ങൾ അറിയിച്ചു. ഡല്‍ഹിയില്‍ വച്ച് അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി ചര്‍ച്ച നടത്തി.
സിപിഎമ്മുമായി ഉടക്കിപ്പിരിഞ്ഞ് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയിലേക്ക് ചേക്കേറാൻ പിവി അൻവർ ചെന്നൈ കേന്ദ്രീകരിച്ച് ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ആ ചർച്ച വഴിമുട്ടിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് അൻവർ അന്ന് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വ്യക്തിപരമായി എം.കെ സ്റ്റാലിനെ ബന്ധപ്പെട്ട് ഡിഎംകെ പ്രവേശനത്തിനുള്ള വഴിയടച്ചു എന്നായിരുന്നു അൻവറിൻ്റെ ആരോപണം.
നിലവിൽ മമത ബാനർജി നേതൃത്വം നൽകുന്ന പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്, മായാവതി നേതൃത്വം നൽകുന്ന ബിഎസ്പി, നിതീഷ് കുമാർ നേതൃത്വം നൽകുന്ന ബിഹാറിലെ ഭരണകക്ഷിയായ ജെഡിയു എന്നീ പാർട്ടികളുടെ ഉന്നത നേതാക്കളുമായി ചർച്ച നടത്തിയെന്ന് പിവി അൻവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ ജനങ്ങൾക്ക് കൂടി ഗുണം കിട്ടുന്ന ദേശീയ രാഷ്ട്രീയമാണ് താൻ ആലോചിക്കുന്നതെന്നും മതേതര, ഫാഷിസ്റ്റ് വിരുദ്ധ നിലപാടുമായാണ് മുന്നോട്ടുപോകുന്നതെന്നും അൻവർ പറയുന്നു. തൃണമൂൽ കോൺഗ്രസ് ഫാഷിസ്റ്റ് വിരുദ്ധ, കമ്യൂണിസ്റ്റ് വിരുദ്ധ പാർട്ടിയാണെന്നാണ് പിവി അൻവറിൻ്റെ നിലപാട്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സുധാകരനു പുറമേ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കും പുതിയ നീക്കങ്ങളില്‍ പങ്കുണ്ട്. അതേസമയം വി.ടി സതീശൻ ഉൾപ്പടെയുള്ള സംസ്ഥാനത്തെ മറ്റു നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ സൂചനയൊന്നുമില്ല. അന്‍വറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹത്തിന്റെയും മറ്റു ചില നേതാക്കളുടെയും നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. എന്നാല്‍ ലീഗ് മയപ്പെടുമെന്നാണ് അന്‍വര്‍ വരുന്നതിനെ അനുകൂലിക്കുന്ന നേതാക്കള്‍ കരുതുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ അന്‍വര്‍ പാലക്കാടും വയനാടും യുഡിഎഫിനെ പിന്തുണച്ചു. ചേലക്കരയിലെ പ്രകടനം ദയനീയമായിരുന്നു.