NEWSWorld

15 ലക്ഷം പേരെ നാടുകടത്താനൊരുങ്ങി ട്രംപ് ക്യാമ്പ്; 18,000 ഇന്ത്യക്കാരും പട്ടികയില്‍

വാഷിങ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം 18,000 ഇന്ത്യക്കാരെ ബാധിക്കും. നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) നവംബറില്‍ പുറത്തുവിട്ടിരുന്നു. അതില്‍ 17,940 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം.

ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അധികവും. ഇവരെ ഇന്ത്യയിലേക്ക് തിരികെ അയച്ചേക്കുമെന്നാണ് സൂചന. തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഇ പറഞ്ഞു. അധികൃതരുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി ഐസിഇ ഇന്ത്യയെ സഹകരിക്കാത്തവരുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പൗരന്മാരെ സ്വീകരിക്കുന്നതില്‍ രാജ്യങ്ങള്‍ കാണിക്കുന്ന നിസഹകരണം അടിസ്ഥാനമാക്കിയാണ് ഈ തരംതിരിവ്. 15 രാജ്യങ്ങള്‍ ഈ പട്ടികയിലുണ്ട്.

Signature-ad

കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തെയും മറ്റ് ആഭ്യന്തരസുരക്ഷാ ഏജന്‍സികളെയും ഉപയോഗിക്കുമെന്ന് ട്രംപ് കഴിഞ്ഞദിവസവും പറഞ്ഞിരുന്നു. മതിയായ രേഖകളില്ലാതെ രാജ്യത്തു കഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യുഎസ് തിരിച്ചയച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ 2023-24 സാമ്പത്തികവര്‍ഷം 1100 ഓളം പേരെ നാടുകടത്തിയെന്നാണ് യുഎസ് ആഭ്യന്തരസുരക്ഷാ വകുപ്പിന്റെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: