കൊച്ചി: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വലയിലാക്കിയ ശേഷം മര്‍ദിച്ച് വീഡിയോ പകര്‍ത്തി പണംതട്ടാന്‍ ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റു ചെയ്തു.ഇടപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് കല്ലായി പൂച്ചങ്ങല്‍ വീട്ടില്‍ അജ്മല്‍ (23), മലപ്പുറം മമ്പാട് നിലമ്പൂര്‍ കീരിയത്തു വീട്ടില്‍ ഫര്‍ഹാന്‍ (23), നിലമ്പൂര്‍ അരിവക്കോട് മേലേപുത്തന്‍വീട്ടില്‍ അനന്തു (22), മലപ്പുറം എടക്കര കാര്‍ക്കുയില്‍ വീട്ടില്‍ മുഹമ്മദ് സിബിനു സാലി (23), കണ്ണൂര്‍ ഉരുവച്ചാല്‍ അടിയോട് വീട്ടില്‍ റയാസ് (26), മട്ടന്നൂര്‍ ഫാത്തിമ മന്‍സില്‍ സമദ് (27) എന്നിവരെയാണ് തൃക്കാക്കര സി.ഐ. എ.കെ. സുധീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഡേറ്റിങ് ആപ്പിലൂടെ കെണിയില്‍പ്പെടുത്തിയ യുവാവിനെ പ്രതികള്‍ താമസിച്ചിരുന്ന കാക്കനാട് പടമുകളിലെ വീടിനു സമീപത്തേക്ക് രാത്രി വിളിച്ചുവരുത്തി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവാവിനെക്കൊണ്ട് പറയിപ്പിക്കുന്ന വീഡിയോ ഇവര്‍ പകര്‍ത്തുകയും ചെയ്തു.
ഈ വീഡിയോ വാട്‌സാപ്പ് വഴി പ്രചരിപ്പിക്കാതിരിക്കാന്‍ ഒരുലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തി. അടുത്ത ദിവസം വൈകിട്ട് പണം നല്‍കാമെന്നു സമ്മതിച്ചതോടെ യുവാവിനെ വിട്ടയച്ചു. വീട്ടിലെത്തിയ യുവാവ് സംഭവം പിതാവിനെ അറിയിച്ചതോടെ വീട്ടുകാര്‍ തൃക്കാക്കര പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആറുപേരും വലയിലായത്.
പ്രതികളില്‍നിന്ന് പത്ത് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും പിടിച്ചെടുത്തു. സംഘം ഡേറ്റിങ് ആപ്പിലൂടെ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു