ബംഗളൂരു: ഐടി ജീവനക്കാരന്‍ അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തില്‍ ചോദ്യം ചെയ്യലിനായി 3 ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് ഭാര്യ നിഖിതയ്ക്ക് ബംഗളൂരു പൊലീസ് സമന്‍സ് അയച്ചു. യുപി ജൗന്‍പുരില്‍ നിഖിതയുടെ വീട്ടിലെത്തിയ പൊലീസ് സംഘം, പൂട്ടിയിട്ട വാതിലില്‍ സമന്‍സിന്റെ പകര്‍പ്പ് ഒട്ടിച്ചാണ് മടങ്ങിയത്. നിഖിതയെ കൂടാതെ, അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ എന്നിവരോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയിലാണ് നിഖിത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. വിവാഹമോചനക്കേസിന്റെ പേരില്‍ ഭാര്യയും കുടുംബവും വര്‍ഷങ്ങളായി തന്നെ കേസുകളിലൂടെയും മറ്റും പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ബംഗളൂരുവിലെ താമസസ്ഥലത്ത് അതുല്‍ ജീവനൊടുക്കിയത്. 40 പേജുള്ള ആത്മഹത്യക്കുറിപ്പില്‍ വ്യാജ സ്ത്രീധന പീഡന ആരോപണത്തിനിരയാണെന്നും വിവാഹമോചനക്കേസ് കൈകാര്യം ചെയ്ത യുപിയിലെ ജഡ്ജി നീതി നടപ്പാക്കിയില്ലെന്നും പറഞ്ഞിരുന്നു. 2019ലാണ് അതുലും നിഖിതയും വിവാഹിതരായത്. 2022 ല്‍ സ്ത്രീധന പീഡനം ആരോപിച്ച് നിഖിത ഭര്‍ത്താവിനെതിരെ ആദ്യ പരാതി നല്‍കി. തന്റെ പിതാവിന്റെ മരണത്തിനു കാരണം അതുലാണെന്ന് ആരോപിച്ചും പരാതിപ്പെട്ടു. ആ പരാതി വ്യാജമാണെന്നു പിന്നീട് പൊലീസ് കണ്ടെത്തി.
അതേസമയം സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു ചൂണ്ടിക്കാട്ടി, അഭിഭാഷകനായ വിശാല്‍ തിവാരി സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. അത്തരം നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.