പാലക്കാട്: സ്ഥിരം അപകടമേഖലയായ പനയംപാടത്ത് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് ആറുമാസംമുന്‍പ് നല്‍കിയ റിപ്പോര്‍ട്ട് ആരും പരിഗണിച്ചില്ല. റോഡിന്റെ അപാകമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത് എന്നതിനാല്‍ ഇവിടെ വേഗനിയന്ത്രണസംവിധാനം ഒരുക്കണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം. മോട്ടോര്‍വാഹനവകുപ്പിന്റെ ആവശ്യപ്രകാരം പാലക്കാട് ഐ.ഐ.ടി. വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. റോഡ് സുരക്ഷാ കൗണ്‍സില്‍വഴി പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിനാണ് ഇത് കൈമാറിയത്.
70 കിലോമീറ്റര്‍ വേഗത്തില്‍വരെ സഞ്ചരിക്കാവുന്ന റോഡാണെങ്കിലും അപകടസാഹചര്യം മുന്‍നിര്‍ത്തി 30 കിലോമീറ്ററാക്കി പരമാവധി വേഗം ചുരുക്കിയിരുന്നു. ഇത് വ്യക്തമാക്കുന്ന സൂചനാബോര്‍ഡുണ്ടെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെടുമായിരുന്നില്ല. അതിനാല്‍ റോഡില്‍തന്നെ വാഹനവേഗം കുറയ്ക്കണമെന്ന് വ്യക്തമാക്കുന്ന കട്ടികൂടിയ മാര്‍ക്കുകള്‍വേണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഒരേദിശയില്‍ പോവുന്ന വാഹനങ്ങള്‍ മറികടക്കുന്നത് നിരോധിച്ചുള്ള അറിയിപ്പ് വെക്കാനും നിര്‍ദേശമുണ്ടായിരുന്നു. വളവുകളില്‍ വശംമാറി സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ ഡെലിനേറ്ററുകള്‍ സ്ഥാപിക്കാനായിരുന്നു മറ്റൊരു നിര്‍ദേശം.
റോഡും അരികിലെ മണ്ണും തമ്മില്‍ ഉയരവ്യത്യാസമുണ്ട്. രണ്ട് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മണ്ണിലേക്കിറങ്ങാതിരിക്കാന്‍ വാഹനങ്ങള്‍ ശ്രമിക്കുമ്പോള്‍ അപകടമുണ്ടാകാനിടയുണ്ട്. ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശങ്ങളൊന്നും നടപ്പായില്ല.
നേരത്തെ ഇവിടെ വളവില്‍ വാഹനങ്ങള്‍ക്ക് ഗ്രിപ്പ് കിട്ടാന്‍ റോഡ് പരുക്കനാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അപകടങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് റോഡിന്റെ പരുക്കന്‍ സ്വഭാവം മാറി. വീണ്ടും റോഡ് പരുക്കനാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചിരുന്നു.