KeralaNEWS

വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ല, നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭാര്യയ്ക്കോ ഭര്‍ത്താവിനോ ജീവിത പങ്കാളിയില്‍ നിന്നു നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയില്ലെന്നു ഹൈക്കോടതി. എന്നാല്‍ വിവാഹമോചനത്തിന് അതു മതിയായ കാരണമാകും. ആധുനിക കാലത്തെ നിയമങ്ങള്‍, ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ വിശ്വസ്തതയുടെ ഉടമയായി പങ്കാളിയെ അംഗീകരിക്കുന്നില്ലെന്നും വൈവാഹിക തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം വേറെയാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വിവാഹം നിലനില്‍ക്കെ മറ്റൊരാളുമായി ഭാര്യ അടുപ്പത്തിലായതിനാല്‍ ഭര്‍ത്താവിനുണ്ടായ മനോവ്യഥയ്ക്കും മാനക്കേടിനും നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം കുടുംബക്കോടതി വിധിച്ചത് റദ്ദാക്കി കൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. കുടുംബക്കോടതി വിധിക്കെതിരെ ഭാര്യയും പങ്കാളിയും നല്‍കിയ അപ്പീല്‍ കോടതി അനുവദിച്ചു. ഇത്തരം മാനക്കേടിനും മനോവ്യഥയ്ക്കും നഷ്ടപരിഹാരം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും കോടതി വ്യക്തമാക്കി.

Signature-ad

വ്യക്തി നിയമങ്ങളില്‍ അധിഷ്ഠിതമായി സിവില്‍ കരാര്‍ പ്രകാരമുള്ള പവിത്രമായ ബന്ധമായാണു ഇന്ത്യന്‍ നിയമങ്ങള്‍ വിവാഹത്തെ കണക്കാക്കുന്നത്. അതിന്റെ പേരില്‍ പങ്കാളിയുടെ പെരുമാറ്റത്തിനുമേല്‍ ഉടമസ്ഥത ലഭിക്കില്ല. വിവാഹേതര ബന്ധത്തിന്റെ പേരില്‍ സാമ്പത്തിക ബാധ്യത ചുമത്താതെ വിവാഹമോചനം പോലെ പരിഹാരം നിര്‍ദേശിക്കുന്നതിന്റെ ലക്ഷ്യം തന്നെ പങ്കാളിയുടെ അന്തസ്സും സ്വാതന്ത്ര്യവും അംഗീകരിക്കുകയെന്നതാണ്. നഷ്ടപരിഹാര ക്ലെയിം അംഗീകരിച്ചാല്‍ പങ്കാളിയുടെ വിശ്വസ്തത ഭാര്യയ്ക്ക്/ഭര്‍ത്താവിന് അവകാശപ്പെട്ടതാണെന്ന ചിന്ത ശക്തിപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.

വിവാഹേതര ബന്ധം അധാര്‍മികമാണെങ്കിലും ക്രിമിനല്‍ കുറ്റമല്ലെന്നു കോടതി പറഞ്ഞു. വിവാഹത്തിലെ വിശ്വാസ്യതയുടെ ലംഘനം എന്ന നിലയില്‍ ജീവിത പങ്കാളികള്‍ തമ്മിലുള്ള സ്വകാര്യ പ്രശ്നമാണത്. സാമൂഹിക, നിയമ വ്യവസ്ഥകളില്‍ കാര്യമായ മാറ്റം വന്നതോടെ, ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ ഇന്നതു നഷ്ടപരിഹാരത്തിനു കാരണമായി അംഗീകരിക്കപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: