കൊച്ചി: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നത് ഇന്‍ക്വസ്റ്റ് നടത്തിയ പോലീസ് കണ്ടിട്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറോട് പറയാതിരുന്നത് സംശയകരമാണെന്ന് ഭാര്യ മഞ്ജുഷയുടെ അഭിഭാഷകന്‍ കോടതിയില്‍. കഴുത്തിലെ കയറിന്റെ പാട് സംബന്ധിച്ച് ഇന്‍ക്വസ്റ്റ്- പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പറയുന്നതുതമ്മില്‍ 10 സെന്റീമീറ്ററിന്റെ വ്യത്യാസമുണ്ട്. ഇന്‍ക്വസ്റ്റ് തുടങ്ങിയശേഷമാണ് വിവരം സഹോദരനെ ഫോണില്‍ അറിയിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കളക്ടറോട് പറഞ്ഞിട്ടും അവിടെത്തന്നെ നടത്തിയതും സംശയകരമാണെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും കെ. മഞ്ജുഷയുടെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍, ആരോപണം ഉന്നയിക്കുന്നതിനപ്പുറം തെളിവുകളൊന്നും ഹാജരാക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നവീന്‍ ബാബു അവസാനമായി സംസാരിച്ചത് മഞ്ജുഷയോടാണ്. സംശയകരമായ ഒരുകാര്യവും അവര്‍ക്ക് പങ്കുവെക്കാനായിട്ടില്ല. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ. വ്യക്തമാക്കി. തുടര്‍ന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി ഉത്തരവിനായി മാറ്റി.