മുംബൈ: മൊബൈല്‍ ആപ്പുകള്‍ വഴി അശ്ലീല ഉള്ളടക്കമുള്ള സിനിമകള്‍ നിര്‍മിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി നടിയും നിര്‍മാതാവുമായ ഗെഹന വസിഷ്ടിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഗെഹനയ്ക്ക് ഇഡി സമന്‍സ് അയച്ചത്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് ബല്ലാര്‍ഡ് എസ്റ്റേറ്റിലെ ഇഡി ഓഫീസില്‍ ഗെഹന നേരിട്ടെത്തി.
തന്റെ താമസസ്ഥലം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഏജന്‍സി റെയ്ഡ് ചെയ്തുവെന്നും 24 മണിക്കൂറോളം അവര്‍ അവിടെ ഉണ്ടായിരുന്നുവെന്നും ബാങ്ക് അക്കൗണ്ടുകളും മ്യൂച്വല്‍ ഫണ്ടുകളും എല്ലാം മരവിപ്പിച്ചിരിക്കുകയാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ഗെഹന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഞാന്‍ കുന്ദ്രയ്ക്കൊപ്പം ജോലി ചെയ്തിട്ടില്ല. ഉമേഷ് കാമത്തിന് വേണ്ടിയാണ് ജോലി ചെയ്തത്. കുന്ദ്രയുടെ ഓഫീസിലാണ് അദ്ദേഹത്തിന്റെ ഓഫീസ്. ഒരു സിനിമ നിര്‍മിച്ചുകഴിഞ്ഞാല്‍ അതിന്റെ വരുമാനവും ലാഭവും അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കും. എനിക്ക് കിട്ടിയ തുകയില്‍ നിന്നാണ് ഇവര്‍ക്കുള്ള പ്രതിഫലം നല്‍കുന്നത്. അതില്‍ ബാക്കിയുള്ളത് എന്റെ പ്രതിഫലമായി എടുക്കും.’ ഗെഹന പറയുന്നു.
ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗെഹന ഇഡി ഓഫീസിന് പുറത്തെത്തിയത്. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഗെഹനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോട്ട്ഷോട്ട്സിന് വേണ്ടി 11 സിനിമകള്‍ ചെയ്തുവെന്നും അതിനായി 33 ലക്ഷം രൂപ ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.
പോണ്‍ അല്ല ഇറോട്ടിക് സിനിമകളാണ് ഞങ്ങള്‍ നിര്‍മിക്കുന്നത്. 20-25 സംവിധായകര്‍ ഈ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അവരെയെല്ലാം ഒഴിവാക്കി എന്നെപ്പോലെ ഉള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്. ഗെഹന പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് രാജ് കുന്ദ്രയുടെയും സഹപ്രവര്‍ത്തകരുടേയും ഉടമസ്ഥതതയിലുള്ള 15 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയത്. ഇക്കൂട്ടത്തില്‍ ഗെഹനയുടെ സ്ഥലവും പരിശോധിച്ചു. ഇവരില്‍ പലരുടേയും ബാങ്ക് അക്കൗണ്ടുകളും ഫ്രീസ് ചെയ്തു.
2021 ജൂലായിലാണ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. നാല് യുവതികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. അതേ വര്‍ഷം തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു.