തിരുവനന്തപുരം: വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടി സി.പി.എം ഏരിയാ സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം വന്നതിന് പിന്നാലെ 31 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതുതായി പ്രതി ചേര്‍ത്തതില്‍ പാളയം ഏരിയ കമ്മിറ്റി അംഗങ്ങള്‍ മുഴുവന്‍ ഉണ്ട്. പന്തല്‍ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേര്‍ക്കേണ്ടതില്ല എന്നാണ് വഞ്ചിയൂര്‍ പൊലീസിന്റെ തീരുമാനം.
നാളെ വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഫയലുകളുമായി നേരില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. റോഡ് അടയ്ക്കാന്‍ സംഘാടകര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. സമ്മേളനത്തില്‍ ആരെല്ലാം പങ്കെടുത്തു, പരിപാടികള്‍ എന്തെല്ലാം, എത്ര വാഹനങ്ങള്‍ കൊണ്ടുവന്നു, വൈദ്യുതി കിട്ടിയതെങ്ങനെ തുടങ്ങിയവ അറിയിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരും വിശദമായ സത്യവാങ്മൂലം നല്‍കണം. റോഡുകളില്‍ പൊതുയോഗം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സര്‍ക്കാര്‍ അറിയിക്കണം.
കോടതിയലക്ഷ്യക്കേസ് വേണ്ടതാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു. ഉദ്ഘാടകനായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി മരട് സ്വദേശി എന്‍. പ്രകാശ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് പരിഗണിച്ചത്.
സമ്മേളനം നടത്താനല്ലാതെ നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ സി.പി.എം അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.