CrimeNEWS

വിവാഹം കഴിഞ്ഞിട്ട് 47 ദിവസം; ലോണ്‍ ആപ്പില്‍ നിന്നും 2000 രൂപ വായ്പയെടുത്ത യുവാവ് ഭീഷണിയെത്തുടര്‍ന്ന് ജീവനൊടുക്കി

ഹൈദരാബാദ്: ലോണ്‍ ആപ്പുകള്‍ മൂലം ആത്മഹത്യയില്‍ അഭയം തേടിയ നിരവധി പേരുടെ ഞെട്ടിക്കുന്ന കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നിസ്സാര തുക ലോണെടുക്കുകയും പിന്നീട് അതിന്റെ കഴുത്തറപ്പന്‍ പലിശ അടയ്ക്കാനാവാതെ വന്‍തുകയായി മാറുന്നതോടെ ജീവനൊടുക്കേണ്ടി വരുന്നവരാണ് ഇവരില്‍ പലരും. ലോണ്‍ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള യുവാവ് ഈയിടെയാണ് ആത്മഹത്യ ചെയ്തത്.

നരേന്ദ്ര എന്ന 27കാരനാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ 20നായിരുന്നു ഇയാളുടെ വിവാഹം. മത്സ്യബന്ധനം നടത്തി ഉപജീവനം നയിക്കുന്ന നരേന്ദ്രക്ക് പ്രതികൂല കാലാവസ്ഥ കാരണം കുറച്ചുമാസങ്ങളായി ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പില്‍ നിന്നും 2000 രൂപ വായ്പയെടുക്കുന്നത്. എടുത്ത തുക തിരിച്ചടച്ചുവെങ്കിലും വലിയ തുക പലിശയായി നല്‍കണമെന്ന് ആവശ്യപ്പെട്ട ലോണ്‍ കമ്പനിയിലെ ആളുകള്‍ നരേന്ദ്രനെ വേട്ടയാടുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കമ്പനിയിലെ ജീവനക്കാര്‍ പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.

Signature-ad

നരേന്ദ്രന്റെയും ഭാര്യയുടെയും നഗ്നചിത്രം മോര്‍ഫ് ചെയ്ത് വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് നരേന്ദ്രന്‍ ആരോടും പറഞ്ഞില്ലെന്നും ഇത് ഇത് അദ്ദേഹത്തെ വിഷാദത്തിലാക്കിയെന്നും പൊലീസ് പറയുന്നു. കടുത്ത മാനസിക സമ്മര്‍ദം താങ്ങാനാകാതെ ശനിയാഴ്ച ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാളുടെ കുടുംബാംഗങ്ങള്‍ പൊലീസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

 

Back to top button
error: