”പെട്രോള്‍ പമ്പ് ഉദ്ഘാടനത്തിന് വിളിക്കുന്നത് എന്തിനെന്ന് മനസിലായിട്ടില്ല, പണ്ടും ഉദ്ഘാടനങ്ങള്‍ ചെയ്തിരുന്നു”
ഇരുപത് വര്‍ഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ് നടി ഹണി റോസ്. ഇതിനോടകം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഹണി സിനിമകള്‍ ചെയ്ത് കഴിഞ്ഞു. അഭിനയമോഹമാണ് മൂലമറ്റമെന്ന ചെറിയ ഗ്രാമത്തില്‍ നിന്നും സിനിമയുടെ വിശാലമായ ലോകത്തിലേക്ക് വരാന്‍ നടിയെ പ്രേരിപ്പിച്ചത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന് നിരവധി ആരാധകരുണ്ട്. അഭിനേത്രി എന്നതിലുപരിയായി നടിയെ പലപ്പോഴും സോഷ്യല്‍മീഡിയ വിശേഷിപ്പിക്കാറുള്ളത് ഉദ്ഘാടനം സ്റ്റാര്‍ എന്ന ടാഗ് നല്‍കിയാണ്.
എന്നാല്‍, താന്‍ ഈ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത് തുടങ്ങിയ വ്യക്തിയല്ലെന്നും ബോയ്ഫ്രണ്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ മുതല്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകാറുണ്ടെന്നും ഹണി റോസ് പറയുന്നു. താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ യുട്യൂബ് ചാനലില്‍ നടന്‍ ബാബുരാജിനോട് സംസാരിക്കവെയാണ് ഹണി റോസ് ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. ഉദ്ഘാടനം സ്റ്റാറെന്ന വിശേഷണം തനിക്ക് ഉണ്ടെന്ന കാര്യം ഹണിക്കും അറിയാവുന്നതാണ്.
ഒരു മാസം എത്ര ഉദ്ഘാടനങ്ങള്‍ വരെ ചെയ്യുമെന്ന് ബാബുരാജ് ചോദിച്ചപ്പോഴാണ് നടി മറുപടി പറഞ്ഞത്. ബോയ്ഫ്രണ്ട് സിനിമ ചെയ്ത് കഴിഞ്ഞ സമയം മുതല്‍ ഞാന്‍ ഉദ്ഘാടനങ്ങള്‍ ചെയ്യാറുണ്ട്. പക്ഷെ കൊവിഡിന് മുമ്പുള്ള സമയത്താണ് ആളുകള്‍ ഇത് ശ്രദ്ധിച്ച് തുടങ്ങിയത്. ഓണ്‍ലൈന്‍ മീഡിയയുടെ ഇന്‍ഫ്ലൂവന്‍സ് ഇപ്പോള്‍ കൂടുതലാണല്ലോ. അതുകൊണ്ട് ഒരു ഉദ്ഘാടന പരിപാടി ചെയ്താല്‍ നാട്ടുകാരെല്ലാം അറിയും.
അതുകൊണ്ടാണ് പെട്ടന്നുണ്ടായതാണ് എന്ന ഫീല്‍ ആളുകള്‍ക്ക് തോന്നുന്നത്. കേരളത്തില്‍ എല്ലാത്തരം ഷോപ്പിനും ഉദ്ഘാടനത്തിന് നടീനടന്മാരെ വെക്കാറുണ്ട്. തെലുങ്കില്‍ പക്ഷെ ജ്വല്ലറി, ടെക്സ്റ്റൈല്‍സ് ഉദ്ഘാടനത്തിന് മാത്രമെ വിളിക്കാറുള്ളു. തെലുങ്കിലും ഉദ്ഘാടനങ്ങള്‍ ചെയ്തിട്ടുണ്ട്. മരുന്ന് കടയുടെ ഉദ്ഘാടനം ഞാന്‍ ചെയ്തിട്ടുണ്ട്. അതുപോലെ പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനത്തിന് ക്ഷണം വന്നിരുന്നു. പക്ഷെ പെട്രോള്‍ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാന്‍ എന്നെ വിളിക്കുന്നത് എന്തിനെന്ന് മനസിലായിട്ടില്ല.
ഇതൊക്കെ വളരെ ഇന്ററസ്റ്റിങ്ങാണ് എന്നാണ് ഹണി റോസ് പറഞ്ഞത്. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ചോദിച്ചപ്പോള്‍ ഹണിയുടെ മറുപടി ഇങ്ങനെയായിരുന്നു… ബോയ്ഫ്രണ്ടൊക്കെ എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോഴില്ലാ. നല്ലൊരാള്‍ വരുമ്പോള്‍ വിവാഹം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനൊരാള്‍ ഇതുവരെ വന്നിട്ടില്ല. വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്ത റിലേഷന്‍ഷിപ്പിലേക്ക് പോകില്ല.
വീട്ടുകാര്‍ ഭാവി വരനെ കണ്ടുപിടിച്ചാലും ഞാന്‍ കണ്ടുപിടിച്ചാലും ഓക്കെയാണ്. വരനെ കുറിച്ച് സങ്കല്‍പ്പങ്ങളൊന്നുമില്ല. നീ ഇനി വര്‍ക്ക് ചെയ്യരുതെന്ന് പറഞ്ഞ് വീട്ടിലിരുത്തുന്നയാളാകരുത് പങ്കാളിയെന്ന് ആഗ്രഹമുണ്ടെന്നും നടി പറയുന്നു. പിന്നീട് പഠന കാലത്തെ കുറിച്ചാണ് താരം സംസാരിച്ചത്. ഞാന്‍ അധികം ആരെയും ഫോണ്‍ വിളിക്കാറില്ല. ഞാന്‍ പഠിക്കാത്ത കുട്ടിയായിരുന്നു. കോളേജില്‍ പോയപ്പോഴും അങ്ങനെ തന്നെയായിരുന്നു.
ക്ലാസ് റൂമില്‍ കുറേനേരം ഇരിക്കുക എന്നത് എനിക്ക് ഭയങ്കര ബോറിങ്ങാണ്. പഠിക്കുന്ന സമയത്ത് സ്‌കൂളില്‍ നാടകം ചെയ്തിട്ടുണ്ട്. അതൊരു ഇംഗ്ലീഷ് ഡ്രാമയായിരുന്നു. ക്ലാസിക്ക് ഡാന്‍സ് മാത്രമാണ് ഞാന്‍ പഠിച്ചത്. പക്ഷെ സിനിമയിലെ ഫാസ്റ്റ് നമ്പര്‍ സോങിന് ഡാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. തെലുങ്കിലും തമിഴിലും സിനിമകള്‍ ചെയ്തിട്ടുണ്ട്. നല്ല ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. പോലീസ് ഓഫീസറായും ബയോപിക്കില്‍ അഭിനയിക്കണമെന്നുമെല്ലാം ആഗ്രഹമുണ്ടെന്നും ഹണി പറഞ്ഞു.
പിന്നീട് റിലീസിനൊരുങ്ങുന്ന ഹണിയുടെ ഏറ്റവും പുതിയ സിനിമ റേച്ചലിനെ കുറിച്ചാണ് താരം സംസാരിച്ചത്. റേച്ചലില്‍ ഇറച്ചി വെട്ടുകാരിയാണ് ഞാന്‍ അഭിനയിക്കുന്നത്. അതിന് വേണ്ടി കുറച്ചുനാള്‍ പ്രാക്ടീസുണ്ടായിരുന്നുവെന്നും ഹണി പറയുന്നു. ബാബുരാജും റേച്ചലില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.