ലഖ്നൗ: സമ്പത്ത് കുമിഞ്ഞുകൂടുമെന്ന വിശ്വാസത്താല്‍ യുവാവിനെ തലയറുത്തുകൊന്ന ശേഷം തലയോട്ടി ദുര്‍മന്ത്രവാദത്തിനുപയോഗിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. ഇതില്‍ രണ്ടുപേര്‍ ദുര്‍മന്ത്രവാദം ചെയ്യുന്നവരാണെന്നും ഇവര്‍ മന്ത്രവാദം പഠിച്ചത് യുട്യൂബ് നോക്കിയാണെന്നും ഗാസിയാബാദ് പോലീസ് പറഞ്ഞു. ആറുമാസങ്ങള്‍ക്കുമുന്‍പ് നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരുടെ അറസ്റ്റില്‍ കലാശിച്ചത്.
ഈ വര്‍ഷം ജൂണ്‍ 22-ന് ഗാസിയാബാദ് സിറ്റിക്കടുത്തുള്ള തിലാ മോഡ് ഭാഗത്ത് തലയില്ലാത്ത നിലയില്‍ ഒരു മൃതശരീരം പോലീസ് കണ്ടെത്തിയിരുന്നു. ബിഹാറിലെ മോത്തിഹാരി സ്വദേസിയായ രാജു കുമാറിന്റേതായിരുന്നു മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15-ന് ധനഞ്ജയ്, വികാസ് എന്നിവരെ പോലീസ് പിടികൂടി. രണ്ടുപേരേയും ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന വികാസ് എന്ന പരമാത്മയാണ് കൊലപാതകം പ്ലാന്‍ ചെയ്തതെന്ന് സൂചന ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരമാത്മയുടെ സഹായിയായ നരേന്ദ്ര, പവന്‍ എന്നും പങ്കജ് എന്നും പേരുള്ള രണ്ടുപേരുമായി സഹകരിച്ചിരുന്നെന്ന് കണ്ടെത്തി. ഒരു മനുഷ്യന്റെ തലയോട്ടി സംഘടിപ്പിച്ച് പൂജിച്ചാല്‍ 50 കോടി രൂപ വന്നുചേരുമെന്ന് പവനും പങ്കജും നരേന്ദ്രയോട് പറഞ്ഞിരുന്നു. നരേന്ദ്ര ഇക്കാര്യം പരമാത്മയോടും ധനഞ്ജയ്, വികാസ് എന്നിവരോടും പറഞ്ഞു. ഇവര്‍ നാലുപേരും ചേര്‍ന്നാണ് രാജു കുമാറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തലയറുത്തുമാറ്റിയ ശേഷം ശരീരം ഉപേക്ഷിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പരമാത്മ, നരേന്ദ്ര, പവന്‍, പങ്കജ് എന്നിവര്‍ കഴിഞ്ഞദിവസമാണ് അറസ്റ്റിലായത്. രാജുവിന്റെ തലയോട്ടി നരേന്ദ്രയാണ് പവനും പങ്കജിനും കൈമാറിയതെന്ന് ഗാസിയാബാദ് ഡി.സി.പി നിമീഷ് പാട്ടീല്‍ അറിയിച്ചു. തങ്ങള്‍ യൂട്യൂബ് നോക്കിയാണ് ദുര്‍മന്ത്രവാദം പഠിച്ചതെന്ന് പവനും പങ്കജും പോലീസിനോട് പറഞ്ഞത്. രാജുവിന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നറിഞ്ഞപ്പോള്‍ തലയോട്ടി ഡെല്‍ഹി മജിലിസ് പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപത്തെ ഓടയില്‍ കളഞ്ഞുവെന്നും പ്രതികള്‍ വെളിപ്പെടുത്തി.