ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായ വിജയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം. ചെന്നൈയിലെ ദുരന്തബാധിതരെ പാര്‍ട്ടി ഓഫീസിലെത്തിച്ച് സഹായം നല്‍കിയ സംഭവത്തിലാണ് ഡിഎംകെ, ബിജെപി സൈബര്‍ ഹാന്‍ഡിലുകള്‍ വിജയ്ക്ക് എതിരെ വിമര്‍ശനം ശക്തമായിരിക്കുന്നത്.
വിജയിയെ പരിഹസിച്ച് വ്യാപകമായി പോസ്റ്ററുകള്‍ പുറത്തിറക്കിയാണ് വിമര്‍ശനം. കോള്‍ഷീറ്റ് രാഷ്ട്രീയം, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയ പ്രയോഗങ്ങളിലൂടെയാണ് പരിഹാസം. എന്നാല്‍, ആളുകളുടെ സൗകര്യം പരിഗണിച്ചാണ് പാര്‍ട്ടി ഓഫീസില്‍ പരിപാടി നടത്തിയതെന്ന് ടിവികെ അറിയിച്ചു. 300 കുടുംബങ്ങള്‍ക്കാണ് വിജയ് കിറ്റ് നല്‍കിയത്.
ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് ദുരന്തബാധിതര്‍ക്ക് പ്രളയ സഹായം കൈമാറിയത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ സര്‍ക്കാര്‍ ജാഗ്രത കുറയ്ക്കരുതെന്ന് വിജയ് ട്വീറ്റും ചെയ്തിരുന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍ക്ക് വേണ്ട സഹായം നല്‍കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിക്കണമെന്നും വിജയ് നിര്‍ദേശിക്കുകയും ചെയ്തു. ടിവികെ പ്രവര്‍ത്തകര്‍ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സഹായിച്ചിരുന്നു.