തിരുവനന്തപുരം: സി.പി.എം. വിട്ട മുന്‍ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ ബി.ജെ.പി.യിലേക്ക് എത്തിച്ചത് നേതാക്കളുടെ തന്ത്രപൂര്‍വമായ ഇടപെടല്‍. സി.പി.എം. വിട്ട് പോകുന്നവര്‍ മിക്കപ്പോഴും നേരിട്ട് ബി.ജെ.പി.യിലേക്ക് എത്താന്‍ മടിക്കാറുണ്ട്. ഇതിനൊരു മറുപടിയെന്ന തരത്തിലാണ് ബി.ജെ.പി. ജില്ലാ നേതാക്കളുടെ തന്ത്രപരമായ നീക്കം.
കോണ്‍ഗ്രസിനും സ്വാധീനമുള്ളതാണ് മധുവിന്റെ കുടുംബം. കോണ്‍ഗ്രസും മധുവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ക്കൊടുവില്‍ ബി.ജെ.പി.യിലേക്കു പോകാനായിരുന്നു തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് അസംതൃപ്തരായ സി.പി.എം. പ്രാദേശിക നേതാക്കളെയടക്കം പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ബി.ജെ.പി. നീക്കങ്ങള്‍ നടത്തുന്നുണ്ട്. വര്‍ഗീയ പാര്‍ട്ടിയെന്ന പ്രതിച്ഛായയാണ് തടസ്സം. സി.പി.എമ്മില്‍നിന്നു നേരിട്ട് നേതാക്കള്‍ എത്തിയാല്‍ ഇതു കൂടുതല്‍പേര്‍ക്കു പ്രചോദനമാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്.
സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ ദിവസം രാത്രിതന്നെ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവര്‍ മധുവിനെക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. പ്രാദേശിക നേതാക്കളായിരുന്നു ഇതിനായി ശക്തമായി ഇടപെട്ടത്. സി.പി.എമ്മിന്റെ ഭാഗത്തുനിന്നു കായികമായ ഇടപെടലുണ്ടായാല്‍ പ്രതിരോധമടക്കം ബി.ജെ.പി. ഉറപ്പുനല്‍കിയതായാണ് സൂചന. പാര്‍ട്ടിയിലേക്കുള്ള വരവ് ഉറപ്പാക്കിയശേഷമാണ് ചൊവ്വാഴ്ച സംസ്ഥാന നേതാക്കള്‍ മധുവിന്റെ വീട്ടിലെത്തിയത്.
മംഗലപുരം മേഖലയില്‍ ബി.ജെ.പി.ക്കു സ്വാധീനമുണ്ടെങ്കിലും ശക്തരായ നേതാക്കളുടെ കുറവുമുണ്ട്. പാര്‍ട്ടിക്കു വളരാന്‍ സാധ്യതയുള്ള പ്രദേശവുമാണെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തല്‍. മധുവിനും ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന മകന്‍ മിഥുനും അനുയോജ്യമായ സ്ഥാനം നല്‍കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ബുധനാഴ്ച സംസ്ഥാന പ്രസിഡന്റ് പ്രാഥമിക അംഗത്വം നല്‍കിയ ശേഷമാകും സ്ഥാനങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുന്നത്.
മധുവിനെ മുന്‍നിര്‍ത്തി സി.പി.എമ്മിനും ജില്ലാ സെക്രട്ടറി വി.ജോയിക്കുമെതിരേ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്താനും ആലോചനയുണ്ട്. തിരുവനന്തപുരം, വര്‍ക്കല, മംഗലപുരം എന്നിവിടങ്ങളിലാണ് പൊതുസമ്മേളനങ്ങള്‍ നടത്താന്‍ ആലോചിക്കുന്നത്.