ലക്നൗ: കാര്‍ കനാലില്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി ഷോര്‍ട്ട് കട്ടിലൂടെ പോയതാണ് അപകടത്തിന് കാരണമായത്. ബറേലിയില്‍ നിന്ന് പിലിഭിത്തിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കാലാപൂര്‍ ഗ്രാമത്തിന് സമീപമെത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പ് കാണിച്ചുകൊടുത്ത ഷോര്‍ട്ട് കട്ടിലൂടെ പോകുകയായിരുന്നു സംഘം.അല്‍പം ദൂരമെത്തിയപ്പോള്‍ തന്നെ കാര്‍ കനാലില്‍ പതിച്ചു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ മൂന്ന് പേരെയും രക്ഷിക്കാന്‍ സാധിച്ചു. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
‘ഹരിയാന രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ഗൂഗിള്‍ മാപ്പ് നോക്കി ഷോര്‍ട്ട് കട്ടിലൂടെ പോയതായിരുന്നു അവര്‍. ഗൂഗില്‍ മാപ്പ് കാണിച്ചുകൊടുത്ത വഴിയിലൂടെ പോയെങ്കിലും കാര്‍ കനാലില്‍ പതിക്കുകയായിരുന്നു. ഒരു ട്രാക്ടറിന്റെ സഹായത്തോടെയാണ് കാര്‍ പുറത്തെടുത്തത്.’- സിറ്റി പൊലീസ് സുപ്രണ്ട് മനുഷ് പരീക്ക് വ്യക്തമാക്കി.
അതേസമയം,പത്ത് ദിവസത്തിനിടയില്‍ ജില്ലയില്‍ നടക്കുന്ന സമാനരീതിയിലുള്ള രണ്ടാമത്തെ അപകടമാണിത്. നവംബര്‍ ഇരുപത്തിനാലിന് പണി തീരാത്ത പാലത്തില്‍ നിന്ന് നദിയിലേക്ക് കാര്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചിരുന്നു. ഇവരും ഗൂഗിള്‍ മാപ്പ് കാണിച്ചുകൊടുത്ത എളുപ്പ വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ബറേലിയില്‍ നിന്ന് ബദൗണ്‍ ജില്ലയിലെ ഡാറ്റാഗഞ്ചിലേക്ക് പോകവേയായിരുന്നു അപകടമുണ്ടായത്. രാംഗംഗ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്.