KeralaNEWS

ഷവര്‍മ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം: നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഷവര്‍മ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കാസര്‍കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തില്‍ മാതാവ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ്, മുന്‍ ഉത്തരവിലെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

ഷവര്‍മ നിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഏപ്രില്‍മുതല്‍ ഒക്ടോബര്‍വരെ നടത്തിയ പരിശോധനയില്‍ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവര്‍ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Signature-ad

ഇത്തരമൊരു ഹര്‍ജി നല്‍കിയതിന് ഹര്‍ജിക്കാരിയെ അഭിനന്ദിച്ച കോടതി, കോടതി ചെലവായി 25,000 രൂപ ഹര്‍ജിക്കാരിക്ക് നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഹര്‍ജിക്കാരിക്ക് നഷ്ടപരിഹാരം നല്‍കുന്നത്, കേസ് പരിഗണിക്കുന്ന കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടുമാസത്തിനകം പരിഗണിക്കണം എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. 2022 മേയ് ഒന്നിനാണ് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: