തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നിരുന്നെന്നും അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടികയില്‍ അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഫെയ്‌സ് ഓതന്റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ല. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍ഷന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാവപ്പെട്ടവര്‍ക്കുള്ള 1600 രൂപയുടെ പ്രതിമാസ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സര്‍ക്കാര്‍ ജീവനക്കാരും സര്‍വീസ് പെന്‍ഷന്‍കാരും നാട്ടിലെ സമ്പന്നരും അടക്കം തട്ടിയെടുക്കുന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയ കോട്ടയ്ക്കല്‍ നഗരസഭയില്‍ ഉത്തരവാദികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അത് ആ നഗരസഭയില്‍ മാത്രമായി പരിമിതപ്പെടുത്തിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
സംസ്ഥാന വ്യാപകമായി അന്വേഷണം ശുപാര്‍ശ ചെയ്തും അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും നടപടി നിര്‍ദേശിച്ചും വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.