വിദ്യാർത്ഥികൾ തന്നെ നേതൃത്വം നൽകിയ വിവിധ സെഷനുകളുമായി ‘യൂത്ത് ഫോറം – വോയ്സസ് ദാറ്റ് മാറ്റർ’ എന്ന ഏകദിന ആഗോള പഠന കോൺഫറൻസ്
കൊച്ചി: ഇന്നത്തെ ലോകത്തെ മാറ്റിമറിക്കാനുള്ള കരുത്ത് യുവതലമുറയ്ക്കുണ്ടെന്നും ശാസ്ത്രീയമായ കാഴ്ചപ്പാടും നൂതനമായ ചിന്തകളും അതിന് അനിവാര്യമാണെന്നും മുൻ ഡിആർഡിഒ ഡയറക്ടർ ജനറലും നിഷ് (NICHE) വൈസ് ചാൻസലറുമായ ഡോ. ടെസ്സി തോമസ്. ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ (GPS) ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘യൂത്ത് ഫോറം – വോയ്സസ് ദാറ്റ് മാറ്റർ’ എന്ന ഏകദിന ആഗോള പഠന കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
‘സമാധാനത്തിനും ലക്ഷ്യബോധത്തിനുമുള്ള വിദ്യാഭ്യാസം’ എന്ന പ്രമേയത്തിൽ ഊന്നി സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചീഫ് കോർഡിനേറ്റർ മിസ് മീന വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കേവലം പാഠപുസ്തക പഠനത്തിനപ്പുറം സഹാനുഭൂതിയുള്ള നേതാക്കളായി കുട്ടികളെ വളർത്തുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു.
ജി.പി.എസ്. ഡീനും പ്രിൻസിപ്പലുമായ ദിലീപ് ജോർജ് സ്വാഗതം പറഞ്ഞു. ലക്ഷ്മി രാമചന്ദ്രൻ സദസ്സിനെ അഭിസംബോധന ചെയ്തു. വിദ്യാർത്ഥികൾ തന്നെ നേതൃത്വം നൽകിയ വിവിധ സെഷനുകളായിരുന്നു കോൺഫറൻസിന്റെ പ്രധാന ആകർഷണം. മാറുന്ന ലോകത്ത് യുവജനങ്ങളുടെ പങ്കിനെക്കുറിച്ച് ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. തുടർന്ന് നടന്ന പ്രൗഢഗംഭീരമായ കൾച്ചറൽ പരേഡും റാംപ് വാക്കും സ്കൂളിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നതായിരുന്നു.
മൊളി സിറിൽ, പ്രിയദർശിനി രാജ്കുമാർ, ദിയ മാത്യു എന്നിവർ വിധികർത്താക്കളായി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ജി.പി.എസ്. കൊയറിന്റെ സംഗീത പരിപാടിയും ചടങ്ങിന് മാറ്റുകൂട്ടി






