സുഹൃത്ത് കാരണം തേടി വന്ന സൗഭാഗ്യങ്ങള്‍ റിസബാവ തട്ടിത്തെറിപ്പിച്ചു, അവസാന കാലത്ത് കടബാധ്യതയും!
മലയാള സിനിമയിലെ എന്നും ഓര്‍ക്കുന്ന വില്ലന്‍ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴുമുണ്ട് നടന്‍ റിസബാവ അനശ്വരമാക്കിയ ജോണ്‍ ഹോനായ് എന്ന കഥാപാത്രം. മലയാളത്തിലെ സുന്ദര വില്ലന്മാരുടെ ഗണത്തിലാണ് അദ്ദേഹത്തിന് സ്ഥാനം. നൂറിലേറെ മലയാളം ചിത്രങ്ങളില്‍ റിസബാവ അഭിനയിച്ചിട്ടുണ്ട്. 2021 ല്‍ അമ്പത്തിനാലാം വയസിലാണ് അസുഖങ്ങള്‍ മൂലം റിസബാവ അന്തരിച്ചത്. തോപ്പുംപടി സ്വദേശിയായ റിസബാവയെ വൃക്ക സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. സിനിമകളില്‍ മാത്രമല്ല നിരവധി സീരിയലുകളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തെറ്റായ ചില തീരുമാനങ്ങളുടെ പേരില്‍ റിസബാവയ്ക്കുണ്ടായ ചില നഷ്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകനും നടനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ്. സുഹൃത്ത് കാരണം തേടി വന്ന സൗഭാഗ്യങ്ങളെ റിസബാവ തട്ടിത്തെറിപ്പിച്ചു എന്നാണ് ആലപ്പി അഷ്റഫ് സ്വന്തം യുട്യൂബ് ചാനലില്‍ പങ്കിട്ട പുതിയ വീഡിയോയിലൂടെ പറഞ്ഞത്.
ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലൂടെ കടന്നുവന്ന് മലയാളികളുടെ മനസിനെ കീഴടക്കിയ സുന്ദരനായ വില്ലനായിരുന്നു റിസബാവ. ഇന്ത്യ മുഴുവന്‍ ആരാധകരെ നേടാനും കോടീശ്വരനായി മാറാനുമുള്ള അവസരം തട്ടിത്തെറിപ്പിച്ച നിര്‍ഭാഗ്യവാനായ റിസബാവയെ കുറിച്ചാണ് ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമ നിര്‍മ്മിച്ചത് ഞാനും ഫാസിലും അദ്ദേഹത്തിന്റെ അനുജന്‍ ഖയ്സ്, കുര്യച്ചന്‍ വാളക്കുഴി എന്നിവര്‍ ചേര്‍ന്നാണ്.
ഞങ്ങള്‍ ഈക്വല്‍ പാട്നേഴ്സായിരുന്നു. സിനിമയുടെ സൈനിങ് അതോറിറ്റി ഞാനായിരുന്നു. സിനിമയുടെ റിലീസിനുശേഷം വില്ലന് നായക പരിവേഷം ലഭിച്ചു. അങ്ങനൊരു കാര്യം ചരിത്രത്തില്‍ ആദ്യമായി സംഭവിച്ചത് ഈ സിനിമയുടെ റിലീസിനുശേഷമാണ്. ഇന്നും റിസബാവയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ഓടിയെത്തുന്നത് ജോണ്‍ ഹോനായി എന്ന കഥാപാത്രമാണ്.
ഈ സിനിമയ്ക്കുശേഷം റിസബാവ വലിയ താരമൂല്യമുള്ള നടനായി മാറി. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം ഈ സിനിമ നിര്‍മ്മിക്കാന്‍ പല നിര്‍മ്മാതാക്കളും സന്നദ്ധത അറിയിച്ച് വന്നു. എല്ലാ നിര്‍മ്മാതാക്കളും എന്നെ വിളിച്ചാണ് സിനിമ നിര്‍മ്മിക്കാനുള്ള താല്‍പര്യം അറിയിച്ചത്. ആദ്യം തെലുങ്കിലെ ഒരു നിര്‍മാതാവാണ് വിളിച്ചത്. അദ്ദേഹം മൂന്ന് ലക്ഷം ഓഫര്‍ ചെയ്തു. അന്ന് അതൊരു വലിയ തുകയായിരുന്നു. എല്ലാവരോടും സംസാരിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞു.
പക്ഷെ, ഗോപാല്‍ റെഡ്ഡി എന്ന നിര്‍മാതാവിന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. വില്ലനായി റിസബാവ തന്നെ അഭിനയിക്കണം എന്നതായിരുന്നു അത്. ഹിന്ദിയില്‍ നിന്നും ബൊപ്പയ്യ എന്ന നിര്‍മ്മാണ കമ്പിനിയും റീമേക്ക് ആഗ്രഹം പ്രകടിപ്പിച്ച് എത്തി. അവരുടെയും ആവശ്യം റിസബാവ തന്നെ വില്ലനായി അഭിനയിക്കണമെന്നായിരുന്നു. തമിഴില്‍ ഈ സിനിമ റീമേക്ക് ചെയ്തപ്പോള്‍ ഞാനാണ് സംവിധാനം നിര്‍വഹിച്ചത്. ആര്‍.ബി ചൗധരിയായിരുന്നു നിര്‍മ്മാണം.
ഓരോ കച്ചവടം ഉറപ്പിച്ചപ്പോഴും ഞാന്‍ റിസബാവയെ ഇക്കാര്യങ്ങളെല്ലാം പറയാനായി വിളിച്ചു. പക്ഷെ അദ്ദേഹം സംസാരിക്കില്ല. കാര്യം ഞാന്‍ ഫോണ്‍ എടുക്കുന്നയാളെ ധരിപ്പിച്ചിട്ട് പറയാന്‍ ഏല്‍പ്പിച്ചിരുന്നു. പക്ഷെ റിസബാവ തിരിച്ച് വിളിച്ചില്ല. മാത്രമല്ല പോയി കാണാന്‍ ശ്രമിച്ചിട്ടും കണ്ടില്ല. കുറേനാള്‍ റിസബാവയെ കാണാന്‍ പരിശ്രമിച്ച് കൊണ്ടേയിരുന്നു. അവസാനം ഒരു ദിവസം അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിച്ചു. ഈ ചാന്‍സ് മിസ് ചെയ്യരുത്.
പണം ഒരു പ്രശ്നമല്ല. വില്ലന്‍ വേഷം ചെയ്യാന്‍ സമ്മതം പറയണം എന്നൊക്കെ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍, മറുപടി ഇങ്ങനെയായിരുന്നു…. അതൊന്നും ശരിയാവില്ല. മാത്രമല്ല വില്ലനായി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ഹീറോയായി അഭിനയിക്കാന്‍ കുറച്ച് പടങ്ങളൊക്കെ വന്നിട്ടുണ്ട് എന്നായിരുന്നു മറുപടി. എത്ര നിര്‍ബന്ധിച്ചിട്ടും അദ്ദേഹത്തിന്റെ തീരുമാനം മാറിയില്ല. ആകെ എനിക്ക് ഒരു ഷോക്കായിരുന്നു.
കാരണം എല്ലാവരും ആഗ്രഹിക്കുന്ന അവസരമാണ് റിസബാവ തട്ടിത്തെറിപ്പിച്ചത്. റീമേക്ക് ചെയ്ത നിര്‍മാതാക്കള്‍ മറ്റ് കലാകാരന്മാരെ വില്ലന്‍ വേഷത്തിലേക്ക് കൊണ്ടുവന്നു. ഇതിനുശേഷം റിസബാവ നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചുവെങ്കിലും അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി. തുടര്‍ന്ന് നിലനില്‍പ്പിനായി സീരിയലിലേക്ക് പോയി. വര്‍ഷങ്ങള്‍ക്കുശേഷം സൂര്യ ടിവിയിലെ ഒരു സീരിയലില്‍ അഭിനയിച്ചപ്പോള്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി.
അന്ന് അദ്ദേഹം അസുഖം മൂലം അവശനായിരുന്നു. എങ്കിലും എന്നോട് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. സാമ്പത്തീക ബുദ്ധിമുട്ടുകള്‍, ചെക്ക് കേസുകള്‍ എന്നിവയെ കുറിച്ചെല്ലാം എന്നോട് അദ്ദേഹം സംസാരിച്ചു. അന്ന് ആ അവസരങ്ങള്‍ തട്ടിതെറിപ്പിക്കാതിരുന്നുവെങ്കില്‍ ഇന്ന് ഈ ഗതികേട് വരുമായിരുന്നുവോയെന്ന് ഞാന്‍ ചോദിച്ചു. അന്ന് അദ്ദേഹം നിറകണ്ണുകളോടെയാണ് എന്നോട് സംസാരിച്ചത്.
സ്നേഹിതന്റെ വാക്ക് വിശ്വസിച്ചാണത്രെ അദ്ദേഹം അന്ന് ആ വില്ലന്‍ വേഷങ്ങള്‍ ചെയ്യാതിരുന്നത്. ആ കൂട്ടുകാരന്റെ പേരും അദ്ദേഹം പറഞ്ഞു. പക്ഷെ ഞാന്‍ വെളിപ്പെടുത്തുന്നില്ല. പറ്റിപ്പോയി ഇക്ക എന്നാണ് റിസബാവ പറഞ്ഞത് എന്നാണ് പ്രിയ സുഹൃത്തിനെ കുറിച്ച് സംസാരിക്കവെ ആലപ്പി അഷ്റഫ് പറഞ്ഞത്.