KeralaNEWS

കരുനാഗപ്പള്ളി ലോക്കല്‍ സമ്മേളനങ്ങളില്‍ കയ്യാങ്കളി; സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു

കൊല്ലം: വിഭാഗീയത രൂക്ഷമായ കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഎം ലോക്കല്‍ സമ്മേളനങ്ങളില്‍ കയ്യാങ്കളി. കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോര്‍ത്ത് സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പൂട്ടിയിട്ടു. ഏകപക്ഷീയമായി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ ഉള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.

വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവച്ച സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ ആണ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴില്‍ വീണ്ടും നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നടന്ന നാല് സമ്മേളനങ്ങള്‍ അലങ്കോലമായി. തൊടിയൂര്‍, കല്ലേലി ഭാഗം, കുലശേഖരപുരം വെസ്റ്റ്, കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനങ്ങള്‍ കയ്യാങ്കളിയിലാണ് കലാശിച്ചത്.

Signature-ad

കമ്മിറ്റി അംഗങ്ങളെയും ലോക്കല്‍ സെക്രട്ടറിയെയും ഏകപക്ഷീയമായി തീരുമാനിക്കുന്നു എന്ന് ആരോപിച്ച് ആണ് ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയത്. കുലശേഖരപുരം നോര്‍ത്ത് സമ്മേളനം നടത്താന്‍ എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി. സോമപ്രസാദ്, കെ. രാജഗോപാല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാധാമണി എന്നിവരെ പ്രതിനിധികള്‍ പൂട്ടിയിട്ടു. ആരോപണ വിധേയനെ ലോക്കല്‍ സെക്രട്ടറി ആക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുലശേഖരപുരം വെസ്റ്റിലും വലിയ രീതിയില്‍ പ്രതിഷേധമുണ്ടായി.

രണ്ടിടത്തും ജില്ലാ കമ്മിറ്റിയംഗം പി.ആര്‍ വസന്തനെ അനുകൂലിക്കുന്നവരെ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം സൂസന്‍ കോഡിയ അനുകൂലിക്കുന്നവരാണ് ഇതിനെ എതിര്‍ത്തത്. ഇരു നേതാക്കളുടെയും നേതൃത്വത്തില്‍ ആണ് കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളും. പത്തില്‍ മൂന്ന് ലോക്കല്‍ സമ്മേളനങ്ങള്‍ കൂടി പൂര്‍ത്തിയാകാന്‍ ഉണ്ട്. ഡിസംബര്‍ 2ന് ഏരിയ സമ്മേളനം ആരംഭിക്കുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: