കൊച്ചി: ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ശബരിമലയിലെ മൊബൈല്‍ ഫോണുകള്‍ക്കുള്ള നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഡിസംബര്‍ ഒന്ന് മുതല്‍ ആറ് വരെ ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാനും കോടതി നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി വഴിയോര കച്ചവടങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ വരും.
അതീവ സുരക്ഷാ മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലമാണ് ശബരിമല. ഇതിന്റെ ഭാഗമായി സോപാനത്തും മുറ്റത്തും വീഡിയോ ചിത്രീകരണവും മൊബൈല്‍ ഫോണിന്റെ ഉപയോഗവും നേരത്തെ തന്നെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. എന്നാല്‍ സാമൂഹികമാധ്യമങ്ങളിലടക്കം ശബരിമല തിരുമുറ്റത്ത് നിന്നുള്ള ചിത്രങ്ങളടക്കം പങ്കുവെക്കപ്പെടുന്നുണ്ട്. അത് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ശക്തമായ നിലപാട്. നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് സംബന്ധിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏത് രീതിയിലാണ് നിയന്ത്രണം കടുപ്പിക്കുക എന്ന് വ്യക്തമല്ല. അതേസമയം, ഡിസംബര്‍ ഒന്ന് മുതല്‍ ആറ് വരെ ശബരിമലയില്‍ സുരക്ഷ ശക്തമാക്കാനും കോടതി നിര്‍ദേശമുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്‍കാന്‍ ചീഫ് പോലീസ് കോര്‍ഡിനേറ്ററിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.