KeralaNEWS

മാഹിയില്‍ നിന്ന് കുപ്പി വാങ്ങി വഴിനീളെ പൂശി, ലോറി ഓടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല! നാല് നിരപരാധികള്‍ യമപുരി പൂകി

തൃശൂര്‍: നാട്ടികയില്‍ അപകടമുണ്ടാക്കിയ തടി ലോറിയിലെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നതായി വിവരം. ഇരുവര്‍ക്കുമെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ലോറിയുടെ ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടി ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ മാഹിയില്‍ ഇറങ്ങി മദ്യം വാങ്ങിയെന്നും അവിടം മുതല്‍ മദ്യപിച്ചിരുന്നെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചു എന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും വിശദമായ ചോദ്യം ചെയ്യല്‍ നടത്തുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. ലോറിയുടെ ഡ്രൈവര്‍ ജോസ് (54) ക്ലീനറായ കണ്ണൂര്‍ ആലക്കോട് സ്വദേശി അലക്‌സ് (33) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Signature-ad

നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ കിടന്നുറങ്ങുന്ന നാടോടികളെ പറ്റിയുള്ള വിവരശേഖരണം നടത്തും. അപകടത്തില്‍പ്പെട്ട സംഘത്തോട് മാറിത്താമസിക്കണമെന്ന് പൊലീസ് അറിയിച്ചു എന്നാണ് പ്രാഥമിക വിവരം. അപകട സ്ഥലത്ത് കമ്മിഷണറും സംഘവും എത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്ന് ലോറി പുറപ്പെട്ടപ്പോള്‍ തന്നെ മദ്യപിച്ചിരുന്നതായി ഡ്രൈവറും ക്ലീനറും മൊഴി നല്‍കിയിട്ടുണ്ട്.

ലോറി ഓടിച്ച ക്ലീനര്‍ അലക്‌സിന് ലൈസന്‍സില്ല. പൊന്നാനിയില്‍ വച്ചാണ് ഡ്രൈവര്‍ ജോസ് അലക്‌സിന് വണ്ടി കൈമാറിയത്. ഡിവൈഡറും ബാരിക്കേഡും കടന്ന് 50 മീറ്റര്‍ വന്നശേഷമാണ് ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. പ്രതികള്‍ അടച്ചിട്ട റോഡിലൂടെ മുന്നോട്ടുനീങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.

വാഹനം ഓടിച്ചവരുടെ ഗുരുതര പിഴവാണ് അപകടത്തിനിടയാക്കിയത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തീകരിച്ച് സര്‍ക്കാര്‍ തന്നെ മൃതദേഹം വീട്ടിലെത്തിക്കും. കളക്ടര്‍ നേതൃത്വം നല്‍കും. സംസ്‌കാരത്തിന് ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കും. മരണപ്പെട്ടവര്‍ക്ക് ധനസഹായം ഉണ്ടാകും.

അതേസമയം, അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നുപേരില്‍ രണ്ടുപേരുടെ നില അതീവഗുരുതമാണ്. ജയവര്‍ദ്ധന്‍, വിജയ്, ചിത്ര എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്കാവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം മെഡിക്കല്‍ കോളേജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്. ഗോവിന്ദാപുരം ചെമ്മണതോട് സ്വദേശികളാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ച വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: