KeralaNEWS

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വി, ബിജെപിയിലെ പരസ്യകലാപത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയര്‍ന്നുവന്ന പരസ്യകലാപത്തില്‍ നടപടിയെടുക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം. പാലക്കാട്ടുകാരനായ ദേശീയ കൗണ്‍സില്‍ അംഗം എന്‍.ശിവരാജനോടും പാലക്കാട് നഗരസഭാ അദ്ധ്യക്ഷ പ്രമീള ശശിധരനോടും വിശദീകരണം തേടും. പ്രമീളയുടെ പരാമര്‍ശം അച്ചടക്കലംഘനമാണെന്ന് കേന്ദ്രനേതൃത്വം വിമര്‍ശിച്ചു. ഇന്ന് കൊച്ചിയില്‍ സംസ്ഥാന നേതൃയോഗം ചേരുകയാണ്. ഇതിനിടെയാണ് അംഗങ്ങളോട് വിശദീകരണം തേടുന്നത്.

അടിത്തറയല്ല മേല്‍ക്കൂരയാണ് പ്രശ്‌നമെന്നായിരുന്നു ഫലപ്രഖ്യാപനത്തിനുശേഷം എന്‍.ശിവരാജന്റെ പ്രതികരണം. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് ശിവരാജന്‍. വോട്ട് കാന്‍വാസ് ചെയ്യാന്‍ കഴിവുള്ള മൂന്നു മുഖങ്ങളാണ് ശോഭാ സുരേന്ദ്രന്‍, വി. മുരളീധരന്‍, കെ.സുരേന്ദ്രന്‍ എന്നിവരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

Signature-ad

സി.കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തുടക്കത്തില്‍ തന്നെ പ്രമീള ശശിധരന് അതൃപ്തി ഉണ്ടായിരുന്നു. ജനങ്ങള്‍ വോട്ടു കൊടുക്കാത്തതിന് മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമില്ല എന്നായിരുന്നു പ്രമീളയുടെ വിമര്‍ശനം. ‘കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, എപ്പോഴും ഒരേ സ്ഥാനാര്‍ത്ഥിയെയാണോ ബിജെപി നിറുത്തുന്നതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

സി.കൃഷ്ണകുമാറുമായി നേതാക്കള്‍ സഹകരിച്ചില്ലെന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ല. മനസറിഞ്ഞ് കൃഷ്ണകുമാറിനായി വോട്ടു ചോദിച്ചു. പക്ഷേ, ജനങ്ങള്‍ വോട്ടു കൊടുത്തില്ല. അതിന് തങ്ങളെ പഴിച്ചിട്ടു കാര്യമില്ല. വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാര്‍ കൃത്യമായി പ്രവര്‍ത്തിച്ചു. ആറും ഏഴും തവണ വാര്‍ഡുകളില്‍ വോട്ട് ചോദിച്ചു. പക്ഷേ, ജനങ്ങള്‍ക്ക് കൃഷ്ണകുമാറിന്റെ പേര് ഉള്‍കൊള്ളാനായില്ല.

സംസ്ഥാന പ്രസിഡന്റ് പാലക്കാട് കേന്ദ്രീകരിച്ചു നല്ല പ്രവര്‍ത്തനം നടത്തിയിട്ടും ഫലമുണ്ടായില്ല. സന്ദീപ് വാര്യരെ ഇഷ്ടമുള്ളവരുണ്ടാകും. അദ്ദേഹം പാര്‍ട്ടി വിട്ടതു കുറച്ചൊക്കെ ബാധിച്ചിരിക്കാം. ഇപ്പോഴത്തെ തോല്‍വിയില്‍ നഗരസഭയെ പഴിക്കുന്നതില്‍ യുക്തിയില്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന നിലപാട് ശരിയല്ല’ – എന്നായിരുന്നു പ്രമീളയുടെ വിമര്‍ശനം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: