CrimeNEWS

ഗുണ്ടാസംഘത്തിന്റെ ജന്മദിനാഘോഷത്തിനിടെ ആക്രമണം; ആറ് പോലീസുകാര്‍ക്ക് പരിക്ക്, 12 ഗുണ്ടകള്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: ജന്മദിനാഘോഷത്തിന് ആളൊഴിഞ്ഞ വീട്ടില്‍ ഒത്തുകൂടിയ ഗുണ്ടാസംഘം സ്ഥലത്തെത്തിയ പോലീസുകാരെ കൂട്ടമായി ആക്രമിച്ചു. നെടുമങ്ങാട് സി.ഐ. ഉള്‍പ്പെടെ ആറ് പോലീസുകാര്‍ക്കു പരിക്കേറ്റു. എട്ട് ഗുണ്ടകളെ പോലീസ് സാഹസികമായി പിടികൂടി. 12 പേര്‍ ഓടിരക്ഷപ്പെട്ടു.

ഞായറാഴ്ച രാത്രി 11.40-ഓടെയാണ് സംഭവം. കാപ്പാ കേസില്‍ ഉള്‍പ്പെട്ട സ്റ്റമ്പര്‍ അനീഷ് എന്ന അനീഷിന്റെ നെടുമങ്ങാട് മുക്കോലയിലെ വീട്ടിലാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നത്. ഇയാളുടെ സഹോദരിയുടെ മകളുടെ ജന്മദിനാഘോഷത്തിനാണ് കൂട്ടാളികളെ വിളിച്ചുകൂട്ടിയത്. ഇയാളുടെ വീട്ടുകാര്‍ ആരും ഇവിടെയുണ്ടായിരുന്നില്ല. മുക്കോലയിലെ വീട്ടില്‍ അക്രമിസംഘം ഒത്തുകൂടിയെന്ന് സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെക്കണ്ട് സംഘം അക്രമാസക്തരാകുകയായിരുന്നു.

Signature-ad

സ്റ്റമ്പര്‍ അനീഷ് ഉള്‍പ്പെടെ എട്ടുപേരാണ് അറസ്റ്റിലായത്. നെടുമങ്ങാട് സി.ഐ: രാജേഷ്, എസ്.ഐമാരായ ഓസ്റ്റിന്‍, സന്തോഷ്‌കുമാര്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിപ്പോയ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായവരെല്ലാം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ്.

Back to top button
error: