IndiaNEWS

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ച വേണ്ട; ബിജെപിക്ക് ആര്‍എസ്എസ് നിര്‍ദേശം

മുബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ മഹായുതി സഖ്യത്തില്‍ പുരോഗമിക്കവെ മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് നിര്‍ദേശിച്ചതായി വിവരം. മഹായുതിയെ അധികാരത്തിലെത്തിക്കുകയും ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ത്തുകയും ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിന്റെ അശ്രാന്ത പരിശ്രമം അംഗീകരിക്കപ്പെടണമെന്നാണ് ആര്‍എസ്എസ് നിലപാട്. ഫഡ്നാവിസ് സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണം നടത്തിയിരുന്നു. 64 റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്.

ഇതോടെ മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമായി. ഏക്‌നാഥ് ഷിന്‍ഡെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. നിലവില്‍ രണ്ട് ഉപ മുഖ്യമന്ത്രിമാരാണ് സംസ്ഥാനത്തുള്ളത്. ഇതു തുടരണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ഘടകകക്ഷികളായ ശിവസേന ഷിന്‍ഡെ വിഭാഗം, എന്‍സിപി അജിത് പവര്‍ വിഭാഗം എന്നിവര്‍ക്ക് നല്‍കേണ്ട മന്ത്രിസ്ഥാനങ്ങളിലും തീരുമാനമെടുക്കണം. നാളെയാണ് ബിജെപിയുടെയും ഘടകകക്ഷികളെയും യോഗം. മറ്റന്നാള്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

Signature-ad

ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിനു 11 സീറ്റുകള്‍ കുറവുള്ള ബിജെപി മഹാരാഷ്ട്രയില്‍ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് മഹായുതി പാര്‍ട്ടികളുടെയും നിയമസഭാ കക്ഷി നേതാക്കള്‍ ഇന്ന് മുംബൈയില്‍ യോഗം ചേരുമ്പോള്‍, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ഫഡ്നാവിസിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫഡ്നാവിസുമായി നല്ല അടുപ്പം പങ്കിടുന്ന അജിത് പവാറും ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയാകുമെന്ന് വൃത്തങ്ങള്‍ പറയുന്നു.

ലോക്സഭയിലെ മഹായുതി സഖ്യത്തിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഫഡ്നാവിസിനെ ഡല്‍ഹിയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടുന്നതിനു പകരം കൂട്ടായ നേതൃത്വത്തെ അവതരിപ്പിക്കാനുള്ള നീക്കവും നടന്നു. മറാത്ത സംവരണ പ്രവര്‍ത്തകന്‍ മനോജ് ജരാങ്കെ പാട്ടീല്‍ ബ്രാഹ്‌മണനായ ഫഡ്നാവിസിനെ ലക്ഷ്യം വച്ചതും ബിജെപിയെ ആശങ്കയിലാഴ്ത്തിയിരുന്നു.

Back to top button
error: