CrimeNEWS

പെരിന്തല്‍മണ്ണയില്‍ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി സ്വര്‍ണക്കവര്‍ച്ച; നാലുപേര്‍ തൃശ്ശൂരില്‍ പിടിയില്‍

തൃശ്ശൂര്‍: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസിലെ നാലുപേര്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ ലാല്‍, ലിജിന്‍ രാജന്‍, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ഇവരില്‍ നിന്നും സ്വര്‍ണം കണ്ടുകിട്ടിയിട്ടില്ല. അഞ്ചുപേര്‍ കൂടി കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നുവെന്നാണ് സൂചന.

പെരിന്തല്‍മണ്ണയില്‍ വ്യാഴാഴ്ച സ്‌കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന സംഘമാണ് പിടിയിലായത്. എം.കെ. ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും ആക്രമിച്ചാണ് സംഘം സ്വര്‍ണ്ണം കവര്‍ന്നത്. കാറില്‍ എത്തിയ സംഘം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് സ്വര്‍ണം കവര്‍ന്നത്.

Signature-ad

പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയേറ്ററിന് സമീപം രാത്രി ഒമ്പതോടെയാണ് സംഭവമുണ്ടായത്. പതിവുപോലെ ജൂവലറി അടച്ചശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമ. കാറില്‍ ഇരുവരെയും പിന്തുടര്‍ന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്‌കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. അലങ്കാര്‍ കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിന് മുന്നിലെ ഗെയിറ്റില്‍ സ്‌കൂട്ടര്‍ എത്തിയ ഉടനെയായിരുന്നു ആക്രമണം.

കാര്‍ ഇടിച്ചതോടെ സ്‌കൂട്ടര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറില്‍ത്തന്നെ കടന്നു. ജ്വല്ലറി മുതല്‍ തന്നെ കാറില്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് വ്യക്തമാകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഊട്ടി റോഡിലെ കെ.എം. ജൂവലറി ബില്‍ഡിങ് ഓടിട്ട കെട്ടിടത്തിലായതിനാല്‍ ആഭരണണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്. നഷ്ടപ്പെട്ട സ്വര്‍ണത്തിന് രണ്ടരക്കോടി രൂപയിലധികം വിലവരുമെന്നാണ് വിവരം. പരിക്കേറ്റ യൂസഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

Back to top button
error: