ന്യൂഡല്‍ഹി: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി ന്യൂയോര്‍ക്ക് കോടതി. സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 ദശലക്ഷം ഡോളറില്‍ (2,100 കോടി രൂപ) അധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം. രണ്ടു ബില്യന്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ കരാറുകള്‍ സ്വന്തമാക്കുന്നതിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും പറയുന്നു.
ഗൗതം അദാനിക്കു പുറമേ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നുമെതിരെയും കേസെടുത്തിട്ടുണ്ട്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.