എറണാകുളം: കളമശേരിയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടു. ഇന്നലെ രാത്രിയോടെ കളമശേരി ടിവിഎസ് കവലക്ക് സമീപം മീഡിയനില്‍ ഇടിച്ചാണ് ടാങ്കര്‍ മറിഞ്ഞത്. ബുള്ളറ്റ് ടാങ്കറില്‍ നിന്നുണ്ടായ നേരിയ വാതകചോര്‍ച്ച പരിഹരിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കര്‍ ഉയര്‍ത്തിയത്. ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ വലിച്ചു മാറ്റിയത്.
ടാങ്കറില്‍ നിന്ന് നേരിയ രീതിയിലുണ്ടായ വാതകച്ചോര്‍ച്ച ആശങ്ക സൃഷ്ടിച്ചെങ്കിലും ആറുമണിക്കൂറോളമെടുത്ത് അത് പരിഹരിക്കുകയായിരുന്നു. വാഹനം ഉയര്‍ത്തുന്നതിനിടയിലാണ് ഇന്ധനം ചോര്‍ന്നത്. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇന്ന് പുലര്‍ച്ചെയോടെയാണ് ടാങ്കറിന്റെ ചോര്‍ച്ച അടക്കാനായത്. 18 ടണ്‍ പ്രൊപിലീന്‍ ഗ്യാസാണ് ലോറിയില്‍ ഉണ്ടായിരുന്നത്. 11:15 ന് തന്നെ കളമശേരി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തി ബിപിസിഎല്ലുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
രാത്രി ഒരു മണിയോടെ ബിപിസിഎല്‍ എമര്‍ജന്‍സി റെസ്പോണ്സിബിള് ടീം സ്ഥലത്തെത്തി. ലീക്കേജ് ഇല്ലെന്ന് ആദ്യഘട്ടത്തില്‍ ഉറപ്പ് വരുത്തിയ ശേഷം ടാങ്കര്‍ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി. എന്നാല്‍ നാല് മണിയോടെ വാതകചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ആശങ്ക ഉയര്‍ന്നു. പിന്നീട് ബിപിസിഎല്‍ ടെക്നിക്കല്‍ ടീമും ഫയര്‍ഫോഴ്സും എത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചതോടെ അഞ്ച് മണിയോടെ ലോറി ഉയര്‍ത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇരുമ്പനത്തു നിന്ന് വന്ന കര്‍ണാടക രജിസ്ട്രേഷന് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പ്രൈാപ്പലിങ് ഗ്യാസാണ് ലോറിയില്‍ നിറച്ചിരുന്നത്. ഡ്രൈവറിന് കാര്യമായ പരിക്കേറ്റിട്ടില്ല. ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസെത്തി ഗതാഗതം ക്രമീകരിച്ചു. വാഹനാപകടത്തിന് പിന്നാലെ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. അപായ സാധ്യത കണക്കിലെടുത്ത് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
അപകടത്തിന് പിന്നാലെ തന്നെ വാഹനത്തിന്റെ കാബിനില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ എടുത്തുമാറ്റി. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബിപിസിഎല്ലില്‍ നിന്ന് വിദഗ്ധ സംഘം എത്തിയ ശേഷം ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റും. ശേഷം അപകടത്തില്‍പെട്ട വാഹനം ഇവിടെ നിന്ന് മാറ്റുമെന്ന് പോലീസ് അറിയിച്ചു. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. ഏലൂരില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘവും സ്ഥലത്തുണ്ട്. തൃശൂരില്‍ നിന്നുള്ള ക്യാബിന് ലോറി എത്തിച്ച് കളമശേരിയില്‍ നിന്ന് ടാങ്കര്‍ ലോറി കൊണ്ടുപോകും.