കല്‍പ്പറ്റ: എസ്റ്റേറ്റ് ഗോഡൗണില്‍ അതിക്രമിച്ചു കയറി ജോലിക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ പോലീസ് സാഹസികമായി പിടികൂടി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്റ്റേറ്റ് ഗോഡൗണിലായിരുന്നു സംഭവം. 55,000 രൂപയോളം വരുന്ന കാപ്പിയും കുരുമുളകുമാണ് പ്രതികള്‍ മോഷ്ടിച്ച് കൊണ്ടുപോയത്.
കോഴിക്കോട് പൂനൂര്‍ കുറുപ്പിന്റെക്കണ്ടി പാലംതലക്കല്‍ വീട്ടില്‍ അബ്ദുള്‍ റിഷാദ്(29), നിസാര്‍(26) എന്നിവരെയാണ് വയനാട് ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒളിവില്‍ കഴിയവെയാണ് പ്രതികള്‍ പിടിയിലായത്.
കവര്‍ച്ച നടന്ന് മൂന്നാം ദിവസം പ്രതികളെ പിടികൂടാന്‍ പോലീസിനായി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. മോഷണം നടത്തിയ ശേഷം കുന്ദമംഗലം, പെരിങ്ങളത്ത് വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പോലീസ് വീട് വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 250-ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ വാടക വീട്ടില്‍ ഒളിവില്‍ കഴിയുന്നതടക്കം കണ്ടെത്തിയത്. പിടിയിലായവരില്‍ നിസാര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രിയോടെ കമ്പളക്കാട് ചുണ്ടക്കര പൂളക്കൊല്ലി എന്ന സ്ഥലത്തുള്ള എസ്റ്റേറ്റ് ഗോഡൗണില്‍ എത്തിയ പ്രതികള്‍ കവര്‍ച്ച നടത്തുകയായിരുന്നു. ഗോഡൗണില്‍ അതിക്രമിച്ചു കയറി പ്രതികള്‍ ജോലിക്കാരനെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശേഷം കൈകള്‍ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. ഇതില്‍ 70 കിലോ തൂക്കം വരുന്ന, വിപണിയില്‍ 43,000 രൂപയോളം വില മതിക്കുന്ന കുരുമുളകും, 12,000 രൂപയോളം വില വരുന്ന കാപ്പിയുമാണ് കടത്തിയത്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കല്‍പ്പറ്റ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചായിരുന്നു അന്വേഷണം.