ബംഗളൂരു: രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാന്‍ ബിജെപി എംഎല്‍എ എന്‍.മുനിരത്നയെ സഹായിച്ച ഹൊബ്ബഗോഡി പൊലീസ് ഇന്‍സ്പെക്ടര്‍ അയ്യണ്ണ റെഡ്ഡി അറസ്റ്റിലായി. എംഎല്‍എ പീഡിപ്പിച്ചെന്നു പരാതി നല്കിയ സാമൂഹിക പ്രവര്‍ത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.
2020 ജൂലൈയില്‍ ജന്മദിനാഘോഷത്തിനിടെ പ്രതിപക്ഷ നേതാവ് ആര്.അശോകയുടെ ശരീരത്തില്‍ എച്ച്ഐവി ബാധിതയുടെ രക്തം കുത്തിവയ്ക്കാന്‍ മുനിരത്ന ശ്രമിച്ചെന്നാണ് ആരോപണം. തന്റെ കുടുംബാംഗങ്ങള്‍ ഇക്കാര്യം കേട്ടപ്പോള്‍ പേടിച്ചെന്നു കേന്ദ്രമന്ത്രിയോട് അശോക പറയുന്ന വീഡിയോ ഈയിടെ പുറത്തുവന്നിരുന്നു.
കോണ്‍ഗ്രസിലായിരന്ന മുനിരത്ന 2019ലാണ് കൂറുമാറി ബിജെപിയില്‍ ചേര്‍ന്നത്. പീഡനപരാതിയില്‍ ജയിലിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച് പുറത്തുവന്നത്. മുന്‍ കോര്‍പറേറ്റര്‍ വേലുനായ്ക്കരെ ജാതീയമായി അധിക്ഷേപിച്ചെന്നും കരാര്‍ റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തി ബിബിഎംപി കരാറുകാരനായ ചെലുവരാജുവില്‍നിന്നു 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള കേസുകളിലും മുനിരത്ന അന്വേഷണം നേരിടുന്നുണ്ട്.